തിരുവനന്തപുരം: ശബരിമല വിഷയം ഉന്നയിച്ച് പ്രതിപക്ഷം ഉയർത്തിയ പ്രതിഷേധത്തിൽ നിയമസഭ പ്രക്ഷുബ്ധമായി. ചോദ്യോത്തര വേള തുടങ്ങിയപ്പോൾ തന്ന സഭ ബഹളത്തിൽ മുങ്ങി. നടുത്തളത്തിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തെ തുടർന്ന് ഒരു മണിക്കൂർ സ്പീക്കർ സഭാ നടപടികൾ നിറുത്തിവച്ചു. സ്പീക്കറുടെ ഡയസിലേക്ക് കയറാൻ പ്രതിപക്ഷാംഗങ്ങൾ ശ്രമിച്ചു. ഒപ്പമുള്ളവരിൽ ചിലർ തടഞ്ഞപ്പോൾ ഉന്തും തള്ളുമുണ്ടായി.
ഇന്നലെ രാവിലെ ഒമ്പതിന് സഭ ചേർന്ന ഉടൻ പ്രതിപക്ഷം ബാനറും പ്ലക്കാർഡുമേന്തി ബഹളം തുടങ്ങിയിരുന്നു. ശബരിമലയിലെ പൊലീസ് നിരോധനാജ്ഞ പിൻവലിക്കുക, നിരീശ്വരവാദികളും വർഗീയവാദികളും ശബരിമലയെ കലാപഭൂമിയാക്കുന്നു എന്നിങ്ങനെ എഴുതിയ പ്ലക്കാർഡുകളും ബാനറും പിടിച്ചായിരുന്നു പ്രതിഷേധം. പ്രളയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞുതുടങ്ങിയതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. മുഖ്യമന്ത്രി പ്രളയവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ മറുപടി തുടരുന്നതിനിടെ സംസാരിക്കാൻ അവസരം തേടി രണ്ട് തവണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുന്നേറ്റെങ്കിലും മറുപടിക്ക് ശേഷം സമയം അനുവദിക്കാമെന്ന് സ്പീക്കർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറുപടി 40 മിനിട്ടും നീണ്ടപ്പോൾ വീണ്ടും ബഹളമായി. പ്രളയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ അംഗം റോജി എം. ജോൺ ഉൾപ്പെടെയുള്ള നാല് പേരുടെ ചോദ്യങ്ങൾ ഒന്നിച്ചെടുത്തായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മറുപടി നീണ്ടതിനിടെ മറുപടി മേശപ്പുറത്ത് വയ്ക്കാമെന്ന് സ്പീക്കർ നിർദ്ദേശിച്ചെങ്കിലും വായിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ പ്രതിപക്ഷ രോഷം അണപൊട്ടി. സ്പീക്കറും പ്രതിപക്ഷ അംഗങ്ങളും തമ്മിൽ കടുത്ത വാഗ്വാദവും നടന്നു. മറുപടി നീണ്ടതിനെ ചൊല്ലി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്ക്തർക്കമുണ്ടായി. പ്രതിപക്ഷ നേതാവിന്റെ സംസാരത്തിനിടെ ഭരണപക്ഷ അംഗങ്ങൾ ബഹളത്തിന് ശ്രമിച്ചപ്പോൾ സ്പീക്കർ ഇടപെട്ട് ശാന്തമാക്കി. ഇതിനിടെ സ്പീക്കറുടെ ഡയസിൽ കയറാൻ അൻവർ സാദത്ത്, ഐ.സി. ബാലകൃഷ്ണൻ തുടങ്ങിയവർ നടത്തിയ ശ്രമം പ്രതിപക്ഷ അംഗങ്ങളായ ഹൈബി ഈഡൻ, കെ.എം. ഷാജി, എം. വിൻസെന്റ് തുടങ്ങിയവർ ബലംപ്രയോഗിച്ച് തടഞ്ഞു. ഇവരെ തള്ളിമാറ്റി ഡയസിൽ കയറാനുള്ള ശ്രമം കൈയാങ്കളിയുടെ വക്കോളമെത്തി. പ്രതിഷേധം അതിരുവിടുന്നെന്ന ഘട്ടത്തിൽ 9.58ന് സ്പീക്കർ സഭ നിറുത്തിവച്ചു. പിന്നീട് ഒരു മണിക്കൂർ കഴിഞ്ഞാണ് സഭ വീണ്ടും ചേർന്നത്.