കിളിമാനൂർ: മുത്തശ്ശി സ്കൂളെന്ന് വിശേഷണമുള്ള മടവൂർ ഗവ. എൽ.പി.എസിന്റെ ശതോത്തരി സുവർണ ജൂബിലി ആഘോഷങ്ങൾക്ക് നാളെ തിരിതെളിയും. നാലു മാസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ വൈകിട്ട് 4.30ന് വി. ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ - സാംസ്കാരിക മണ്ഡലങ്ങളിൽ നവോത്ഥാനങ്ങൾക്ക് വഴിതെളിയിച്ച ഈ സ്കൂൾ ആരംഭിച്ചത് വയയ്ക്കൽ സാർ എന്നറിയപ്പെട്ടിരുന്ന സി. നാരായണപിള്ളയാണ്. 1869-ൽ ഏകാദ്ധ്യാപക സ്കൂളായി തുടങ്ങിയ ഇവിടത്തെ പ്രഥമ അദ്ധ്യാപകനും അദ്ദേഹം തന്നെയായിരുന്നു. അക്കാലത്ത് ഇവിടെ നിന്ന് വെർണാക്കുലർ ബിരുദം നേടിയവർക്ക് അദ്ധ്യാപകരായും സർക്കാർ ഉദ്യോഗസ്ഥരായും നിയമനം ലഭിച്ചിരുന്നു. മടവൂർ എം.വി സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഇവിടെ തിരുവനന്തപുരം, കൊല്ലം, കൊട്ടാരക്കര, ചിറയിൻകീഴ്, നെടുമങ്ങാട് എന്നിവിടങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ താമസിച്ചു പഠിച്ചിരുന്നു. കേരള സംസ്ഥാന രൂപീകരണത്തോടെ മടവൂർ എൽ.പി.എസ് എന്ന് പേര് മാറ്റുകയായിരുന്നു. പ്രസിദ്ധ ചരിത്ര പണ്ഡിതനായ ഇളംകുളം കുഞ്ഞൻപിള്ള, സദാരാമയുടെ കർത്താവായ കെ.സി. കേശവപിള്ള തുടങ്ങി നൂറുകണക്കിന് പ്രതിഭകൾ ഈ സ്കൂളിന്റെ സംഭാവനയാണ്. സംസ്കൃതം, മലയാളം മീഡിയങ്ങളിലൂടെ ഗ്രാമീണ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസപരമായ ഉന്നതിക്കും സാംസ്കാരിക - കലാ വാസനകളെ പരിപോഷിപ്പിക്കാനും വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
മടവൂർ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. സ്വാഗതസംഘം ചെയർമാൻ ഷൈജുദേവ് സ്വാഗതം പറയും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.പി. മുരളി മുഖ്യാതിഥിയാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജുദേവ് മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികളായ രജിത, ധർമശീലൻ, ലീന, സജീന, സുരജ ഉണ്ണി, ശശി, മോഹൻദാസ്, നവാസ്, ജലജ, പ്രീത, രജനി, സിദ്ധിഖ്, രമ്യ, സുനിത, എം.എസ്. റാഫി, എ.ഇ.ഒ വി. രാജു, ബി.പി.ഒ എം.എസ്. സുരേഷ് ബാബു, ഹെഡ്മാസ്റ്റർ എ. ഇക്ബാൽ എന്നിവർ പങ്കെടുക്കും.
ആഘോഷങ്ങളുടെ ഭാഗമായി വി. ജോയി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ശതോത്തര സുവർണ ജൂബിലി കവാട നിർമ്മാണം, ഗുരുപൂജ, പൂർവ വിദ്യാർത്ഥി സംഗമം, ചിത്രകല, ശില്പകലാ പ്രദർശനം എന്നിവ ശതോത്തര സുവർണ ജൂബിലിയുടെ ഭാഗമായി നടക്കും.