അറസ്റ്റിന് വരുമ്പോൾ കുത്തിയിരുന്ന് നാമം ജപിച്ചാൽ അക്രമികൾ അക്രമികളല്ലാതാകുമോയെന്ന സംശയം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകടിപ്പിച്ചു. വിശ്വാസം, അതല്ലേ എല്ലാം എന്ന മട്ടിലായിരുന്നു പക്ഷേ പ്രതിപക്ഷം. ശബരിമലയിൽ നാമജപ സമരത്തിന്റെ കാലമാണ്. അപ്പോൾ നിയമസഭയുടെ മണ്ഡലകാലാരംഭത്തിൽ പ്രതിപക്ഷം വക നടുത്തള മുദ്രാവാക്യജപ ഘോഷയാത്ര നിർബന്ധമായിരുന്നു. അതിനവർ അമാന്തിച്ചില്ല.
ശബരിമലയ്ക്കായി വേണ്ടിവന്നാൽ രക്തസാക്ഷിയുമാകാം എന്ന് ഏതെങ്കിലും പ്രതിപക്ഷ അംഗം ചിന്തിച്ചാൽ അവരെ കുറ്റം പറയാൻ ഇക്കാലത്ത് സാധിക്കില്ല. അൻവർ സാദത്തും ഐ.സി. ബാലകൃഷ്ണനും അതിനാൽ സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറി 'ജീവത്യാഗ'ത്തിനൊരുമ്പെട്ടെങ്കിലും കെ.എം. ഷാജിയും ഹൈബി ഈഡനും മറ്റും പിന്തിരിപ്പിച്ചതിനാൽ അനിഷ്ടസംഭവമൊഴിവായി.
ഇടിച്ച മഞ്ഞുകട്ടയുടെ വലിപ്പം എത്രത്തോളമെന്ന് തിരിച്ചറിഞ്ഞ ടൈറ്റാനിക്കിലെ കപ്പിത്താന്റെ അവസ്ഥ ഭക്തരുടെ വികാരത്തിന്റെ അളവ് മനസിലാകുമ്പോൾ മുഖ്യമന്ത്രിക്കുണ്ടാകുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മുന്നറിയിപ്പ്. ശ്രീധരൻപിള്ള സുവർണാവസരം മുതലാക്കാൻ നോക്കുന്നു, മുഖ്യമന്ത്രി നവോത്ഥാനം പറഞ്ഞ് രാഷ്ട്രീയം കളിക്കുന്നു എന്ന് എട്ടാം വയസ് തൊട്ട് ശബരിമലയിൽ പോയിത്തുടങ്ങിയ ചെന്നിത്തല ഇപ്പോൾ ആശങ്കപ്പെടുന്നു.
വിശ്വാസികളെ കൂടെ നിറുത്തി വിശ്വാസം സംരക്ഷിക്കുകയാണ് സർക്കാർദൗത്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും അവിശ്വാസികളുടെ നിലപാട് വിശ്വാസികളുടെ പുറത്ത് അടിച്ചേല്പിക്കുകയാണ് സംസ്ഥാന സർക്കാരെന്ന് ശബരിമല വിഷയത്തിൽ അടിയന്തരപ്രമേയമവതരിപ്പിച്ച വി.എസ്. ശിവകുമാർ ദോഷം കണ്ടെത്തി. സംഘപരിവാർ രാജ്യവ്യാപകമായി പ്രചരിപ്പിക്കുന്ന നുണകളുടെ പ്രചാരകനായി ശിവകുമാർ മാറിയെന്നാണ് ആ പ്രസംഗത്തെ മുഖ്യമന്ത്രി വ്യാഖ്യാനിച്ചത്. കൊടിയെടുക്കാതെ സമരം ചെയ്യുമെന്ന് പറഞ്ഞവർ ഇപ്പോൾ സമരത്തിന് മുന്നിലുണ്ടാവുമെന്ന് പറയുന്നതിലൂടെ രണ്ട് കൂട്ടരും ഒന്നിച്ചാണെന്ന് മുഖ്യമന്ത്രി തീർച്ചപ്പെടുത്തി. ശബരിമലതർക്കം ബി.ജെ.പിയെ വളർത്തുന്നതാരെന്ന തർക്കമായി പരിണമിച്ചത് ഒ. രാജഗോപാലിനെ രസിപ്പിച്ചെന്ന് തോന്നുന്നു. രണ്ട് കൂട്ടരുമല്ല വളർത്തുന്നതെന്ന് തർക്കത്തിനൊടുവിൽ അദ്ദേഹം വ്യക്തമാക്കിയെങ്കിലും അപ്പോഴേക്കും പ്രതിപക്ഷത്തിന്റെ നടുത്തള മുദ്രാവാക്യജപ സമരമാരംഭിച്ചതിനാൽ രാജേട്ടന്റെ നയംവ്യക്തമാക്കൽ മുങ്ങിപ്പോയി.
ശബരിമല നിരോധനാജ്ഞ പിൻവലിക്കണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ് അനുവദിക്കരുതെന്ന് എസ്. ശർമ്മ ക്രമപ്രശ്നമുയർത്തി. എക്സ്‌പ്രഷൻ ഒഫ് ഫീലിംഗ്സ് സഭയുടെ അവകാശമായി സ്പീക്കർ കണ്ടതിനാൽ അത് നിരസിക്കപ്പെട്ടു.
പി.സി. ജോർജ് ബി.ജെ.പി മുന്നണിയിലെത്തിയതിന്റെ ലക്ഷണം കണ്ടുതുടങ്ങി. ആരോരുമില്ലാത്തവർക്ക് ജോർജ് തുണയെന്ന് പറയുന്നത് പോലെ പാർശ്വവത്കൃതനായി ശ്വാസംമുട്ടിയിരുന്ന രാജഗോപാലിനും മാറ്റമുണ്ടായിരിക്കുന്നു. കാലം ശബരിമലയുടേതാകുമ്പോൾ സഭയിൽ കാലം കറുപ്പിന്റേതാകുന്നത് സ്വാഭാവികമാണ്. ജോർജ് സ്വയം കറുപ്പുടുത്തും കറുപ്പ് ഷാൾ ചുറ്റിയും രാജഗോപാലിനെക്കൊണ്ട് കറുപ്പുടുപ്പിച്ചും അങ്ങനെ സഭയിലെത്തി. മാണി കേരള കോൺഗ്രസുകാർ കാലത്തിന് മുന്നേ നടക്കുന്നവരാകയാൽ റോഷി അഗസ്റ്റിനും പ്രൊഫ. ജയരാജും കറുപ്പുടുത്ത് ജോർജിന് ശക്തമായ ഭീഷണിയുയർത്തി. വരും ദിവസങ്ങളിൽ കൂടുതൽ കറുപ്പുവേഷങ്ങൾ സഭയിൽ പ്രത്യക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കാം.
ചോദ്യോത്തരവേള ഒരു മണിക്കൂറാണ്. പ്രളയത്തിന്റെ ചോദ്യത്തിന് ഉത്തരം പറയാൻ മുഖ്യമന്ത്രി മുക്കാൽമണിക്കൂറെടുത്ത് ചരിത്രം സൃഷ്ടിച്ചു. ശബരിമലപ്രസംഗത്തിന് അതിലേറെ സമയവുമെടുത്തു. മുഖ്യമന്ത്രി ആരോഗ്യം തെളിയിക്കാനുള്ള വേദിയാക്കി നിയമസഭയെ മാറ്റിയെന്ന് സംശയിച്ച പ്രതിപക്ഷനേതാവ് അതിനാൽ, തന്റെ ശബരിമലപ്രസംഗം മുക്കാൽമണിക്കൂറാക്കി സ്വന്തം ആരോഗ്യപ്രകടനവും ഉഷാറാക്കി.