പ്രാദേശികമായ എതിർപ്പുകളെത്തുടർന്ന് മുടങ്ങിക്കിടക്കുന്ന രണ്ട് വൻ വികസന പദ്ധതികൾക്ക് വീണ്ടും ജീവൻവയ്ക്കുന്നതുമായി ബന്ധപ്പെട്ട രണ്ട് റിപ്പോർട്ടുകൾ കഴിഞ്ഞദിവസം ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള കണ്ണൂരിലെ കീഴാറ്റൂർ ബൈപാസിനെക്കുറിച്ചുള്ളതാണ് ഇതിലൊന്ന്. തളിപ്പറമ്പ് ടൗൺ ഒഴിവാക്കി ബൈപാസ് കീഴാറ്റൂരിൽ വയലിലൂടെ കടന്നുപോകുംവിധത്തിലുള്ള അലൈൻമെന്റാണ് പ്രദേശവാസികളുടെയും പരിസ്ഥിതിവാദികളുടെയും രൂക്ഷമായ പ്രക്ഷോഭം ക്ഷണിച്ചുവരുത്തിയത്. വയൽക്കിളികൾ മുന്നിൽനിന്ന് നയിച്ച പ്രക്ഷോഭം കാരണം ബൈപാസ് പദ്ധതി പ്രവൃത്തിപഥത്തിലെത്താതെ കിടക്കുകയായിരുന്നു. സംസ്ഥാനസർക്കാർ നിശ്ചയ ദാർഡ്യത്തോടെ പദ്ധതിക്ക് പിന്നിലുണ്ടായിട്ടും രാഷ്ട്രീയ കാരണങ്ങളാൽ നടപടികൾ തടസപ്പെട്ടു. എല്ലാം ശരിയാക്കാമെന്ന ഉറപ്പിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി വയൽക്കിളികളുമായി അനുരഞ്ജനത്തിന് ശ്രമിച്ചതാണ്. ബൈപാസ് കീഴാറ്റൂർ വഴിയല്ലാതെ കൊണ്ടുപോകാനാവുമോ എന്നു നോക്കാമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ ഉറപ്പ്.എന്നാൽ അലൈൻമെന്റിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി ഹൈവേ അതോറിട്ടി പുതിയ വിജ്ഞാപനം ഇറക്കിയിരിക്കുകയാണ്. ബൈപാസിൽ ഉൾപ്പെടുന്ന ഭൂമിയുടെ ഉടമകൾ ഡിസംബർ 12 നകം രേഖകളുമായി ഹാജരാകാൻ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ബി.ജെ.പി കപട വാഗ്‌ദാനം നൽകി കീഴാറ്റൂർക്കാരെ വഞ്ചിച്ചിരിക്കുകയാണെന്ന് വയൽക്കിളികൾ പരാതിപ്പെടുന്നുണ്ടെങ്കിലും തീരുമാനത്തിനെതിരെ പ്രക്ഷോഭം പുനരാരംഭിക്കുന്നതിനെക്കുറിച്ച് സൂചനയൊന്നുമില്ല. വെറുതേ ഒരുവർഷം പാഴായി എന്നതുമാത്രമാണ് പ്രക്ഷോഭം കൊണ്ടുണ്ടായ നേട്ടം.
എറണാകുളത്ത് പുതുവൈപ്പിലെ ഐ.ഒ.സി വക എൽ.പി.ജി ടെർമിനലിന്റെ നിർമ്മാണവും ഒരു വർഷത്തിലധികമായി നിലച്ചിരിക്കുകയാണ്. ഇവിടെയും പദ്ധതി പൂർത്തീകരണത്തിന് തടസം പ്രദേശവാസികളിൽ നിന്നുണ്ടായ അതിശക്തമായ എതിർപ്പാണ്. പ്രക്ഷോഭം രക്തരൂക്ഷിതമായപ്പോഴാണ് സർക്കാർ ഇടപെട്ട് പണികൾ നിറുത്തിവയ്പിച്ചത്. ജീവൻപോയാലും ടെർമിനൽ പൂർത്തിയാക്കാൻ അനുവദിക്കില്ലെന്നായിരുന്നു പ്രദേശവാസികളുടെ നിലപാട്. ശബരിമല സീസൺ കഴിഞ്ഞാലുടനെ പണി പുനരാരംഭിക്കാനുള്ള അനുമതി സർക്കാരിൽനിന്ന് ലഭിക്കുമെന്ന വിശ്വാസത്തിലാണ്. ഇന്ത്യൻ ഒായിൽ കോർപ്പറേഷൻ. ആയിരത്തി അഞ്ഞൂറോളം കോടി രൂപ ചെലവുള്ള ടെർമിനൽ പദ്ധതി എന്നേ പൂർത്തിയാക്കേണ്ടതായിരുന്നു. വിദേശത്തുനിന്ന് കപ്പലിൽ എത്തിക്കുന്ന എൽ.പി.ജി പുതുവൈപ്പിലെ കൂറ്റൻ സംഭരണിയിൽ ശേഖരിച്ച് പൈപ്പിലൂടെ വിതരണം ചെയ്യാനുള്ള പദ്ധതി സംസ്ഥാനത്തിന് ഏറെ ഗുണം ചെയ്യുന്നതാണ്. നിർമ്മാണം പാതിവഴിക്ക് നിലച്ചതിനാൽ ഐ.ഒ.സിക്ക് മാത്രമല്ല സംസ്ഥാനത്തിനും വലിയ നഷ്ടമാണ് നേരിടുന്നത്. പണികൾ സ്തംഭിച്ചതോടെ പ്രതിദിനം കമ്പനിക്ക് ഒരുകോടി രൂപയാണ് നഷ്ടമാകുന്നത്.സംസ്ഥാനത്തിന് നികുതിയിനത്തിൽ ലഭിക്കാമായിരുന്നത് കോടികളാണ്. പദ്ധതി മുടങ്ങിയതോടെ മറ്റിനങ്ങളിലുമുണ്ട് വൻതോതിലുള്ള വരുമാനനഷ്ടം.
കീഴാറ്റൂരിൽ ബൈപാസിനായി നിലംനികത്തേണ്ടി വരുമെന്നതാണ് സമരത്തിന് കാരണമായത്. പുതുവൈപ്പിലാകട്ടെ വാതക സംഭരണിവന്നാൽ ജനങ്ങളുടെ ജീവനും സ്വത്തിനും ആപത്തുണ്ടാകുമെന്ന കള്ളക്കഥകളാണ് സ്ഥലവാസികളെ തെരുവിലേക്ക് ഇറക്കിവിട്ടത്. പുതുവൈപ്പിൽ മാത്രമല്ല, ലോകത്ത് പലേടത്തും വാതക സംഭരണികളും വിവിധയിനം ഇന്ധന-രാസവസ്തു സംഭരണികളുമൊക്കെ ഉള്ളതാണ്. പുതുവൈപ്പിലേതുമാത്രം പൊട്ടിത്തെറിക്കുമെന്നും അതുവഴി സ്ഥലവാസികൾ കൂട്ടത്തോടെഎരിഞ്ഞുതീരുമെന്നും ഭയാശങ്ക വിതയ്ക്കാൻ ആളുകളുണ്ടായി. അധികാര കേന്ദ്രങ്ങളിൽ നിന്ന് എല്ലാവിധ സുരക്ഷാ അനുമതി പത്രങ്ങളും വാങ്ങിയ ശേഷമാണ് കമ്പനി എൽ.പി.ജി സംഭരണി നിർമ്മിച്ചുതുടങ്ങിയത്. സംഭരണിയെ എതിർക്കുന്നവർ സംസ്ഥാനത്തെ പാെതുനിരത്തുകളിലൂടെ ദിവസേന ഒാടുന്ന നൂറ്റിമുപ്പതിലേറെ കൂറ്റൻ ബുള്ളറ്റ് ടാങ്കറുകൾ ഉയർത്തുന്ന ഭീഷണി കാണുന്നേയില്ല. സംഭരണി പദ്ധതി പൂർത്തിയായാൽ ഇൗ ടാങ്കറുകളുടെ സേവനം അവസാനിപ്പിക്കാം. ഒരുതരത്തിൽ നോക്കിയാൽ അത് തന്നെയാണ് പ്രദേശവാസികളെ ഇളക്കിവിട്ട് ഐ.ഒ.സി പദ്ധതിയെ തകർക്കാൻ നടന്ന ശ്രമങ്ങൾക്ക് പിന്നിലുള്ളതെന്നും സംശയിക്കണം. വൻകിട വികസന പദ്ധതികൾ വരുമ്പോഴെല്ലാം ഇവിടെ ഇത്തരം പ്രതിഷേധ സമരങ്ങൾ അപൂർവ്വമല്ല. വിഴിഞ്ഞം പദ്ധതി വരാതിരിക്കാൻ നിക്ഷിപ്ത താത്പര്യക്കാർ അണിയറയിൽ ആടിയ നാടകം മറക്കാറായിട്ടില്ല. അക്ഷരാഭ്യാസമില്ലാത്തവരുടെ പേരിൽപോലും ഹരിത ട്രിബ്യൂണലിൽ ഹർജി കൊടുപ്പിച്ച് പദ്ധതി അട്ടിമറിക്കാൻ നോക്കിയവർ ഇവിടെ ഉണ്ട്.
ഒാരോ വലിയ പദ്ധതിയും അപ്രതീക്ഷിതമായി വഴിയിൽ കിടന്നുപോകുമ്പോൾ സംസ്ഥാനത്തിനും ജനങ്ങൾക്കും അതുവഴി ഉണ്ടാകുന്ന നഷ്ടത്തെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. കേരളത്തിന്റെ മാത്രം ദുര്യാേഗമാണത്. നാടിനും ജനങ്ങൾക്കും ഗുണകരമായ ഒരു പദ്ധതി തുടങ്ങിക്കഴിഞ്ഞാൽ എത്രവേഗം അത് പൂർത്തിയാക്കാമെന്നല്ല എങ്ങനെ തളർത്തിയിടാം എന്നാണ് നോക്കുന്നത്. പദ്ധതി അനിശ്ചിതമായി നീളുമ്പോൾ നിർമ്മാണച്ചെലവിൽ സംഭവിക്കുന്ന വർദ്ധന അതിഭീമമാണ്. വർഷങ്ങളായി നടക്കുന്ന കരമന-കളിയിക്കവിള റോഡ് വികസന പദ്ധതി ഇതിന് ഒരു ഉദാഹരണമാണ്. ഇതിനകം പൂർത്തിയായത് വെറും അഞ്ചുകിലോമീറ്റർ. രണ്ടാംഘട്ട നിർമ്മാണത്തിനുള്ള ടെണ്ടർ നടപടികൾ ഒരുവർഷമായി നടക്കുകയാണ്. വൈകുന്ന ഒാരോ മാസവും എസ്റ്റിമേറ്റ് തുകയും കൂടിക്കൊണ്ടിരിക്കും. ഇത്തരം ഘട്ടങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉറച്ച തീരുമാനമുണ്ടായാലേ കാര്യങ്ങൾ മുന്നോട്ടുപോവുകയുള്ളൂ. എൽ.പി.ജി ടെർമിനൽ നിർമ്മാണം പുനരാരംഭിക്കാൻ നേരത്തെതന്നെ കഴിയുമായിരുന്നു. സർക്കാർ അനുമതി നൽകിയാൽ മതിയായിരുന്നു. സംസ്ഥാനത്തെ ദേശീയ പാത വികസന പദ്ധതിയുടെ കാര്യത്തിൽ വിവിധയിടങ്ങളിൽ നേരിടുന്ന തടസങ്ങൾ പരിഹരിക്കാൻ സർക്കാർതന്നെ മുന്നിട്ടിറങ്ങണം. രാഷ്ട്രീയവും പ്രാദേശിക താത്പര്യങ്ങളും ഇത്തരം വികസന പദ്ധതികൾ അട്ടിമറിക്കാൻ അനുവദിച്ചുകൂടാത്തതാണ്.