'മണ്ണിന്റെ മണവും രുചിയുമറിഞ്ഞ് സാധാരണക്കാർക്കൊപ്പം വളർന്നുവന്ന പൊതു പ്രവർത്തകനാണ് ഞാൻ. കൃഷിക്കാർ ഉൾപ്പെടെയുള്ള പാവപ്പെട്ടവർക്ക് ഗുണം ചെയ്യുന്നതും അവർ എന്നും ഒാർക്കുന്നതുമായ എന്തെങ്കിലുമൊക്കെ കാര്യങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം.''
പിണറായി മന്ത്രിസഭയിലെ അടുത്ത രണ്ടര വർഷക്കാലത്തെ ജലവിഭവ മന്ത്രിയായി ചൊവ്വാഴ്ച ചുമതലയേറ്റ കെ.കൃഷ്ണൻകുട്ടി മനസ് തുറക്കുന്നു.
നമ്മുടെ നാട്ടിൻപുറങ്ങളിൽ കുടിവെള്ളത്തിനായി അലയുന്ന നിരവധി കുടുംബങ്ങളുണ്ട്. വീട്ടിലെ അച്ഛനും അമ്മയും പണിക്ക് പോകും. മകനെ പഠിക്കാൻ വിടും. ഏകമകളെ പഠിക്കാൻ മിടുക്കിയായാലും സ്കൂളിൽ വിടാതെ വീട്ടിൽ നിറുത്തും. അങ്ങനെയുള്ള എത്രയെത്ര കുടുംബങ്ങൾ. ദൂരെയുള്ള കിണറുകളിൽ നിന്നോ ടാങ്കർലോറിയിൽ നിന്നോ കുടിവെള്ളം ശേഖരിക്കാനാണിത്. അങ്ങനെയുള്ള എത്രയെത്ര കുടുംബങ്ങൾ. പത്തേക്കർവരെ ഭൂമിയുണ്ടായിട്ടും വെള്ളം കിട്ടാത്തതിനാൽ കൃഷി ചെയ്യാനാവാതെ പട്ടിണിയിൽ കഴിയുന്ന നിരവധി കുടുംബങ്ങളുണ്ട്. അവരുടെയൊക്കെ ദുരിത ജീവിതം തളിരിടുന്നതിന് മന്ത്രിയെന്ന നിലയിൽ എന്തെങ്കിലും ചെയ്യാനാവണം. അതിനാവും മുൻഗണന .
എന്നും സാധാരണക്കാർക്കൊപ്പം നിന്ന, ലളിത ജീവിതം വ്രതമാക്കിയ പൊതുപ്രവർത്തകൻ, കഠിനാദ്ധ്വാനത്തിലൂടെ വിജയഗാഥകൾ സൃഷ്ടിച്ച കർഷകൻ. ജലത്തിനും പരിസ്ഥിതിക്കും വേണ്ടി പ്ലാച്ചിമടയിലും പെരുമാട്ടിയിലും ഉൾപ്പെടെ ചരിത്രം സൃഷ്ടിച്ച നിരവധി പോരാട്ടങ്ങളിലെ നായകൻ. ഇതെല്ലാമാണ് കെ.കൃഷ്ണൻകുട്ടി. അതിനാൽത്തന്നെ മന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിൽ ഏറെ പ്രതീക്ഷകളാണ് ജനങ്ങൾക്ക്. നിയമസഭാംഗമെന്ന നിലയിൽ നാലാമൂഴക്കാരനായ കൃഷ്ണൻകുട്ടിക്ക് മന്ത്രിക്കുപ്പായത്തിൽ സഭയിൽ ആദ്യ ദിനമായിരുന്നു ഇന്നലെ .
? പ്രളയദുരന്തം തകർത്തെറിഞ്ഞ കേരളത്തിന്റെ പുന:സൃഷ്ടിയാണല്ലോ വലിയ വെല്ലുവിളി. ജലവിഭവ മന്ത്രിയെന്ന നിലയിൽ ഇതിനെ എങ്ങനെ കാണുന്നു.
പ്രളയദുരന്തം നൽകിയ അനുഭവങ്ങൾ ഉൾക്കൊണ്ട് സംസ്ഥാനത്തെ ഡാമുകളുടെ പരിശോധന നടത്തും. ജലസംരക്ഷണത്തിന് പുതിയ പദ്ധതികൾ ആവിഷ്കരിക്കും. പ്രതിവർഷം 3000 ടി.എം.സി വെള്ളമാണ് കേരളത്തിന് ശരാശരി ലഭിക്കുന്നത്. ഇതിൽ വൈദ്യുതിക്ക് ഉൾപ്പെടെ 500 ടി.എം.സിയിൽ താഴെ വെള്ളമാണ് നമ്മൾ ഉപയോഗപ്പെടുത്തുന്നത്. ബാക്കിയെല്ലാം പാഴായിപ്പോകുന്നു. ആയിരക്കണക്കിന് കുളങ്ങൾ നാട്ടിലുണ്ട്. എന്റെ മണ്ഡലമായ ചിറ്റൂരിൽ തന്നെ 1458 എണ്ണമുണ്ട്. കേരളത്തിലെ ഭൂഗർഭജലത്തിന്റെ അളവ് ഗണ്യമായി കുറയുന്നു. ഇത് സംരക്ഷിക്കണം. അതോടൊപ്പം, വെള്ളത്തിന്റെ അമിത ഉപയോഗവും മലിനീകരണവും തടയണം. പെരിങ്ങൽകുത്തിന് മുകളിലും പറമ്പിക്കുളത്തിന് താഴെയുമായി കുറിയാർകുറ്റിയിൽ പുതിയ ഡാം നിർമ്മിക്കാനുള്ള നിർദ്ദേശം സർക്കാർ പരിഗണിക്കും. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഇതിന് കേന്ദ്രസഹായവും തേടാം.
തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദീജല പദ്ധതിയാണ്. പരിഗണനയിലുള്ള മറ്റൊരു പ്രധാന പദ്ധതി. ഈ പദ്ധതി നടപ്പിലായാൽ തിരുവനന്തപുരം ജില്ലയിലെ ജലക്ഷാമത്തിന് പരിഹാരമാവും.
? ജലത്തിന്റെ മന്ത്രി നല്ലൊരു കർഷകനുമാണല്ലോ
നമ്മുടെ കൃഷിരീതികൾ ശാസ്ത്രീയമാക്കണം. നെൽകൃഷി കുറവുള്ള മേഖലകളിൽ അവിടത്തെ വെള്ളം ഉപയോഗിച്ച് തെങ്ങും മറ്റ് നാണ്യവിളകളും കൃഷി ചെയ്യണം. ഒരു വർഷം 80 തേങ്ങ കിട്ടുന്ന തെങ്ങിന് വേനൽക്കാലത്ത് വെള്ളം നനച്ചാൽ 200 തേങ്ങ വരെ കിട്ടും. ഒരേക്കറിൽ കൃഷി ചെയ്താൽ കിട്ടുന്നത് ശരാശരി 9808 കിലോ തക്കാളിയാണെന്നിരിക്കട്ടെ, ശാസ്ത്രീയ കൃഷിയിലൂടെ ഇത് 25050 കിലോയാക്കാം. ഇത് ഞാൻ തെളിയിച്ചതാണ്.
? മന്ത്രിസ്ഥാനം വൈകിക്കിട്ടിയ അംഗീകാരമായി തോന്നുന്നുണ്ടോ
എനിക്ക് പൊതുപ്രവർത്തനം ഒരു പോരാട്ടമാണ്. അതിനിടയിൽ കൈവരുന്നതാണ് ഇത്തരം പദവികൾ.
? കഴിഞ്ഞ രണ്ടരവർഷം പാർട്ടിയുടെ മന്ത്രിയായിരുന്ന മാത്യു .ടി.തോമസിനെ മാറ്റിയ രീതി ജനതാദൾ-എസിൽ അസ്വാരസ്യങ്ങൾ സൃഷ്ടിച്ചിട്ടില്ലേ.
അത്തരംഅസ്വാരസ്യങ്ങളൊന്നുമില്ല.കേന്ദ്ര നേതൃത്വം ഇടപെട്ട് ഉണ്ടാക്കിയ ധാരണ എല്ലാവരും അംഗീകരിച്ചതാണ്.
? ആരാവും പുതിയ പ്രസിഡന്റ്
സംസ്ഥാന പ്രസിഡന്റ് പദം ഞാൻ ഒഴിയുന്നതിനൊപ്പം,കേന്ദ്രനേതൃത്വവുമായി ചർച്ച നടത്തി പുതിയ പ്രസിഡന്റിനെ നിശ്ചയിക്കും - കൃഷ്ണൻകുട്ടിയുടെ നിറഞ്ഞ ചിരിയിൽ തികഞ്ഞ ശുഭാപ്തി വിശ്വാസം.