നെടുമങ്ങാട്: റവന്യു ഡിവിഷൻ ഓഫീസ് അടക്കം താലൂക്കാസ്ഥാനത്തെ അഞ്ച് സർക്കാർ ഓഫീസുകൾ സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുമ്പോൾ പുതിയ മന്ദിര സമുച്ചയം നിർമ്മിക്കാനുള്ള നടപടികൾ ഇഴയുന്നു. ഭവന ബോർഡിന്റെ ഉടമസ്ഥതയിലുള്ള റവന്യു ടവറിനു സമാനമായി മറ്റൊരു മന്ദിരം കൂടി നിർമ്മിക്കാനുള്ള ശ്രമമാണ് വൈകുന്നത്. സൗകര്യ പ്രദമായ ഭൂമി കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ,ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുടെ അലംഭാവമാണ് നടപടികൾ കടലാസിൽ ഒതുങ്ങാൻ കാരണമെന്ന് ആക്ഷേപമുണ്ട്. നിലവിലെ റവന്യു ടവറിന്റെ മുന്നിലായി ഇരുപത് സെന്റിലധികം സ്ഥലം കാടുകയറിയും കൈയേറിയും അന്യാധീനപ്പെടുന്നത് അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.
കച്ചേരിക്കവലയുടെ മുഖശ്രീയാവും
നഗരഹൃദയത്തിൽ അന്യാധീനപ്പെട്ട് കിടക്കുന്ന സ്ഥലത്ത് പുതിയ റവന്യു ടവർ ഉയർന്നാൽ കച്ചേരിക്കവലയുടെ മുഖശ്രീയായി മാറും. കൃത്യമായ പ്രവേശന കവാടം പോലുമില്ലാതെ സന്ദർശകർ വലയുന്ന ഇപ്പോഴത്തെ റവന്യു ടവറിന്റെ മുൻ വശമായി പുതിയ മന്ദിരം മാറുകയും ചെയ്യും. നഗരത്തിൽ നിന്ന് മാറി വാളിക്കോട്ട് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന റവന്യു ഡിവിഷൻ ഓഫീസിനും നിത്യേന നൂറുകണക്കിനാളുകൾ എത്തിച്ചേരുന്ന താലൂക്കോഫീസിനും ജോയിന്റ് ആർ.ടി ഓഫീസിനും പുതിയ മന്ദിരം ഏറെ ഉപകാരപ്പെടും. നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിൽ നിന്ന് ആർ.ഡി.ഒയെ കാണാൻ എത്തുന്നവർ ഇപ്പോൾ ഓഫീസ് തേടി അലയുന്നത് പതിവാണ്. റവന്യു ടവറിൽ ആർ.ഡി.ഒയ്ക്ക് ഓഫീസ് സജ്ജമാവുന്നതോടെ ഈ ബുദ്ധിമുട്ടുകൾ ഒഴിവാകും. പുതിയ റവന്യു ടവറിന്റെ വരവോടെ കച്ചേരിനടയിലെ ഗതാഗതക്കുരുക്കിനും വാഹന പാർക്കിംഗിനും പരിഹാരമാവുകയും ചെയ്യും. രണ്ടു ടവറുകളുടെയും ഇടനാഴി പാർക്കിംഗിന് ഉപയോഗിക്കാനാവുമെന്നാണ് വിലയിരുത്തൽ.