തിരുവനന്തപുരം: പേട്ട - ആനയറ റെയിൽവേ മേൽപ്പാലത്തിൽവച്ച് കരിയ്ക്കകം സ്വദേശികളായ ശിവരാജ് ,ശിവപ്രസാദ് എന്നിവരെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയുടെ ജാമ്യ ഹർജി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.ബാബു തളളി. പേട്ട മൂന്നാം മനയ്ക്കൽ പ്രദീപ് ഭവനിൽ വിജയകുമാറിന്റെ ജാമ്യ ഹർജിയാണ് തള്ളിയത്. പരിക്കേറ്റ ശിവരാജ് അപകടനില തരണം ചെയ്തിട്ടില്ലെന്നും വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവൻ നിലനിൽക്കുന്നതെന്നും ജില്ലാ ഗവൺമെന്റ് പ്ളീഡർ പരിണിയം ദേവകുമാർ കോടതിയെ അറിയിച്ചു. ശിവരാജിന്റെ മരണ മൊഴി ഇതുവരെയും മജിസ്ട്രേറ്റിന് എടുക്കാനായിട്ടില്ല. ശിവരാജിനൊപ്പം പരിക്കേറ്റ ശിവപ്രസാദിന്റെ മരണ മൊഴിയിൽ പ്രതി കാറുകൊണ്ട് ഇടിച്ചിട്ടശേഷം പുറകോട്ടെടുത്ത് വീണ്ടും കയറ്റി ഇറക്കിയെന്ന് പറഞ്ഞിട്ടുളള കാര്യവും കോടതിയെ ധരിപ്പിച്ചു. പ്രോസിക്യൂട്ടറുടെ വാദം അംഗീകരിച്ച കോടതി പ്രതിയുടെ ജാമ്യ ഹർജി തളളി. അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് പ്രതിയുടെ ജാമ്യ ഹർജി നേരത്തേ തളളിയിരുന്നു. ഇതിനെതിരെയാണ് പ്രതി ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചിരുന്നത്. 2018 നവംബർ 11 നാണ് പ്രതി ബെെക്ക് യാത്രികരെ പേട്ട- ആനയറ മേൽപ്പാലത്തിൽവച്ച് കാറിടിച്ച് കൊല്ലാൻ ശ്രമിച്ചത്. പരിക്കേറ്റവരും പ്രതിയുമായുള്ള വാക്കേറ്രവും മറ്റുമായിരുന്നു വധശ്രമത്തിന് പ്രേരണ.