നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പ് സമയത്ത് ഇലക്‌ഷൻ കമ്മിഷൻ ഉദ്യോഗസ്ഥരുടെയും തഹസിൽദാരുടെയും വാഹനം തടഞ്ഞ കേസിൽ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചു. 2012ൽ ബി.ജെ.പി സ്ഥാനാർത്ഥിയായ ഒ. രാജഗോപാലിന്റെ പ്രചാരണ വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകര തഹസിൽദാരുടെ വാഹനം തടഞ്ഞതിനാണ് സുരേന്ദ്രനുൾപ്പെടെയുള്ളവരെ പ്രതിയാക്കി പൊലീസ് കേസെടുത്തത്.
തിരുവനന്തപുരത്ത് നിന്ന് പൊലീസ് അകമ്പടിയോടെയാണ് സുരേന്ദ്രനെ നെയ്യാറ്റിൻകര ഒന്നാം ക്ളാസ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിലെത്തിച്ചത്. സർക്കാർ രാഷ്ട്രീയമായി തന്നെ പീഡിപ്പിക്കുകയാണെന്ന് കെ. സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.