തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിന് സർക്കാർ ഒരുതരത്തിലുള്ള അനാവശ്യ ധൃതിയും കാട്ടിയിട്ടില്ലെന്നും വിശ്വാസത്തെ തകർക്കുന്ന സമീപനമല്ല സർക്കാരിന്റേതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിശ്വാസികൾക്ക് എല്ലാ സംരക്ഷണവും നൽകും. അക്രമികൾക്ക് തമ്പടിക്കാനുള്ള ഇടമല്ല ശബരിമല. ശക്തമായ പൊലീസ് ഇടപെടൽ കാരണമാണ് ശബരിമലയിൽ സമാധാന അന്തരീക്ഷമുണ്ടായത്. ചോരവീഴാതെ സമാധാന അന്തരീക്ഷം സൃഷ്ടിക്കാനുള്ള ബാദ്ധ്യതയാണ് സർക്കാർ നിർവഹിച്ചത്. അക്രമഭീഷണി നിലനിൽക്കുന്ന ഘട്ടംവരെ നിരോധനാജ്ഞ പിൻവലിക്കേണ്ട സാഹചര്യമില്ല. ഭക്തർക്ക് സമാധാനപരമായ ദർശനത്തിന് ഇത് അത്യാവശ്യമാണ്. ശബരിമലയിൽ പ്രയാസം അക്രമികൾക്ക് മാത്രമാണെന്നും വി.എസ്. ശിവകുമാറിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ഭരണഘടനാബെഞ്ചിന്റെ ഉത്തരവ് നടപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. സർക്കാർ ആരെയും അങ്ങോട്ട് പറഞ്ഞുവിട്ടില്ല. പ്രതിഷേധം തടയാൻ ആദ്യഘട്ടത്തിൽ സർക്കാർ ഒരുനടപടിയുമെടുത്തിരുന്നില്ല. രാഷ്ട്രീയലക്ഷ്യം വച്ചുള്ള യു.ഡി.എഫിന്റെയും സംഘപരിവാറിന്റെയും നിലപാടുകളാണ് ശബരിമലയിൽ പ്രക്ഷോഭത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചത്. ജനങ്ങൾക്കിടയിൽ കലാപമുണ്ടാക്കാനുള്ള ഗൂഢപദ്ധതി വെളിപ്പെട്ടപ്പോൾ, ക്രമസമാധാനം ഉറപ്പാക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അക്രമികളെ നിയന്ത്രിച്ചതിന്റെ ഫലം ഇപ്പോൾ കണ്ടുതുടങ്ങിയിട്ടുണ്ട്. അവിടെ സംഘർഷം ഒഴിവായി. ശബരിമലയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മാസ്റ്റർപ്ലാൻ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയ്ക്ക് സർക്കാർ നൽകിയത്
(തുക കോടിയിൽ)
2013-14-------------47.37
2014-15-------------48.63
2015-16-------------116.25
2016-17-------------131.41
2017-18-------------202
മണ്ഡലകാല സൗകര്യങ്ങൾക്ക് -25 കോടി