kilimanoor-ramakanthan

കവിതയെഴുത്ത് നിറുത്തുക മകനെ കച്ചവടത്തിന് പോകൂ... അച്ഛന്റെ ഏതോ ഒരു കവിതയുടെ വരികൾ എന്റെ അദ്ധ്യാപകൻ ഉദ്ധരിക്കേണ്ട നിമിഷം സഹപാഠികളെല്ലാവരും കൂടിയെന്നെ നോക്കി ആർത്തട്ടഹസിക്കുകയുണ്ടായി. എന്നെത്തന്നെയാവും അച്ഛനാ വരികൾ കൊണ്ടുദ്ദേശിച്ചതെന്ന് പറഞ്ഞായിരുന്നു അവരെന്നെ പരിഹസിച്ചത്. അച്ഛൻ പഠിപ്പിക്കുന്ന കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്നില്ലെന്ന് കരുതിയത് തന്നെ ഇതൊക്കെ പേടിച്ചിട്ടാണ്.

അച്ഛന്റെ പേരിൽ, അച്ഛന്റെ തണലിൽ എന്റെ വ്യക്തിത്വം തളച്ചിടുന്നതിൽ എനിക്കന്നു താത്പര്യമേയില്ലായിരുന്നു. ഒടുവിൽ അച്ഛൻ എന്നെ സെക്കൻഡ് ലാംഗ്വേജ് പഠിപ്പിക്കാനുണ്ടാവില്ല എന്നുറപ്പു വരുത്തിയിട്ടാണ് ഞാൻ കൊല്ലം എസ്.എൻ കോളേജിൽ ചേർന്നത്. കൊല്ലത്തേക്ക് പോകുന്ന ട്രെയിനിൽ പോലും ഞാൻ മറ്റൊരു കമ്പാർട്ട്മെന്റിലേ ഇരിക്കൂ. മകൻ എന്നതിനപ്പുറം ഒരു വ്യക്തിത്വം ഉണ്ടാക്കിയെടുക്കണം എന്ന ചിന്തയോടെ, എത്രയൊക്കെ ശ്രദ്ധിച്ചാലും, അച്ഛൻ പണ്ടെഴുതിയ ഒരു കവിത എന്നെത്തേടി വരുന്നത് കണ്ടില്ലേ!

എന്തിൽ നിന്നാണോ എന്റെയറിവില്ലായ്മ കൊണ്ട് രൂപപ്പെട്ട ഇൗഗോ, ഒാടിയൊളിക്കാൻ ശ്രമിച്ചത് അത് തന്നെയാണ് ഇന്നെന്റെ ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം കൊണ്ടുവരുന്നത്. ഒരു പരിചയവുമില്ലാത്തവർ ചിലപ്പോൾ വന്നു സ്നേഹത്തോടെ ചുമലിൽ പിടിക്കും. ആലിംഗനം ചെയ്യും. രമാകാന്തൻ സാറിന്റെ മകൻ, കണ്ണ് തുടച്ചുകൊണ്ടവർ പറയും. സാറായിരുന്നു ഞങ്ങളുടെയെല്ലാം, ഞങ്ങളിത്രയും സ്നേഹിച്ച അദ്ധ്യാപകൻ വേറെയുണ്ടാവില്ല. അതീവ കൗതുകത്തോടെ ഞാൻ കേട്ടിരിക്കും അന്നത്തെ അവർക്ക് മാത്രമറിയാവുന്ന എനിക്ക് പരിചിതമല്ലാത്ത എന്റെ അച്ഛന്റെ വിശേഷങ്ങൾ. അച്ഛൻ പഠിപ്പിച്ച ചെമ്പഴന്തി കോളേജിൽ ഇന്ന് ഞാനൊരദ്ധ്യാപകനായി പ്രവർത്തിക്കുമ്പോൾ ഇൗ കണ്ടുമുട്ടലുകളാണ് ഏറ്റവും ധന്യമായ നിമിഷങ്ങൾ എനിക്ക് സമ്മാനിക്കുന്നത്.

ഒരുപാട് പേര് അച്ഛന്റെ കവിതകളെപ്പറ്റി എഴുതിയിട്ടുണ്ട്. അച്ഛനിലെ സതീർഥ്യനെപ്പറ്റിയും അദ്ധ്യാപകനെപ്പറ്റിയും വിവർത്തകനെപ്പറ്റിയുമൊക്കെ ലേഖനങ്ങൾ വന്നിട്ടുണ്ട്. അമ്മ പലപ്പോഴും ചോദിക്കും, മകനെന്ന രീതിയിൽ നിനക്കെഴുതാനൊന്നുമില്ലേയെന്ന്. ആശങ്കകളായിരുന്നു. എവിടെനിന്നും തുടങ്ങും, കടലോളം വരുന്ന അനുഭവങ്ങൾ എങ്ങനെ പറഞ്ഞവസാനിപ്പിക്കാനാകും. എഴുതുന്ന കവിതകൾ അമ്മയെ ഉച്ചത്തിൽ വായിച്ചുകേൾപ്പിക്കുന്നത് അച്ഛന്റെ ഒരു രീതിയാണ്. പാതിരാത്രി കവിസമ്മേളനം കഴിഞ്ഞ് അച്ഛനെ വീട്ടിൽ കൊണ്ടുവിടുന്ന അംബാസഡർ കാറിന്റെ ഡോറടയുന്ന ശബ്ദം ഇപ്പോഴും എന്റെ കാതുകളിലുണ്ട്. ഞാനും എന്റെ ചേട്ടനുംകൂടി അത്യുത്സാഹത്തോടെ മുറ്റത്തേക്കോടും. അച്ഛന്റെ കൈയിൽനിന്നു അദ്ദേഹത്തിന് ലഭിച്ച പൂച്ചെണ്ടും നേര്യതും പിടിച്ചെടുക്കാൻ. അന്നത്തെ വിശേഷങ്ങൾ അച്ഛനമ്മയോട് വിസ്തരിച്ച് പറയുമ്പോൾ അതൊന്നും മനസിലാവാതെ ഞങ്ങളാ പൂച്ചെണ്ടിന്റെ വെള്ളിനൂലഴിച്ചെടുക്കുന്ന തിരക്കിലാവും. ഇന്ന് ചിലപ്പോഴെങ്കിലും ഞാനറിയാതെയെന്റെ വിരലുകളിലേക്ക് നോക്കും. ആ നൂല് ചുറ്റിച്ചുറ്റിയുണ്ടാകുന്ന പാടുകളിപ്പോഴുമവിടെ അവശേഷിക്കുന്നുണ്ടോയെന്ന്..

ചേട്ടന്റെ അകാലമരണം വീടിനെ തകർത്തെറിഞ്ഞപ്പോൾ, പത്ത് വയസുകാരനായ ഞാൻ അച്ഛനെ പിന്തുടരുകയായിരുന്നു. ആ മരണവീട്ടിൽ. എനിക്ക് മനസിലായില്ല. വീട്ടിൽ അച്ഛൻ മാത്രമെന്തേ കരയാത്തത്! ആ ബഹളത്തിനിടയിൽ ആരൊക്കെയോ തമ്മിൽത്തമ്മിൽ പറയുന്നത് കേട്ടു. സാറിങ്ങനെ ഇരിക്കുന്നത് ശരിയല്ല. ഒന്ന് കരഞ്ഞിരുന്നെങ്കിൽ (അച്ഛൻ കരുയുന്നത് ജീവിതത്തിലൊരിക്കലും ഞാൻ കണ്ടിട്ടില്ല.) വളർന്നപ്പോഴറിഞ്ഞു, ഒരുപാട് ദുരന്തങ്ങളെയതിജീവിച്ചു കണ്ണീരു വറ്റിപ്പോയതാണെന്റെയച്ഛനെന്ന്. 'ഡോണ്ട് ക്രൈ ഒാവർ സ്‌പിൽട് മിൽക്ക്" തൂകിപ്പോയ പാലിനെപ്പറ്റി പരിതപിക്കരുത്. , എന്തെങ്കിലും വേവലാതികൾ മറ്റുള്ളവരെ അലട്ടുന്നത് കണ്ടാലച്ഛൻ പറയും. എന്റെ കാര്യത്തിലും അച്ഛനിതേ മനോഭാവമായിരുന്നു. പഠിക്കാൻ ഞാനത്ര മിടുക്കനൊന്നുമായിരുന്നില്ല. കുട്ടിക്കാലത്തും. അന്ന് എന്നെച്ചൊല്ലി വിഷമിക്കുന്ന അമ്മയോട് അച്ഛൻ പറയും, നീ വിഷമിക്കാതിരിക്കൂ. ഒാരോരുത്തർക്കും ഒാരോ കസേരയുണ്ട്, ജീവിതത്തിൽ. നീ ആഗ്രഹിക്കുന്ന രീതിയിൽ അവൻ പഠിച്ചുവന്നില്ലെങ്കിൽ സാരമില്ല. നമുക്കവന് കിളിമാനൂര് ഒരു പഴക്കടയിട്ടു കൊടുക്കാം. ആ പറയുന്നതിൽ പരിഹാസത്തിന്റെയോ വേദനയുടെയോ ഒരംശം പോലുമുണ്ടാവില്ല. അത് അച്ഛൻ എല്ലാ മനുഷ്യരോടും എല്ലാ ജീവിതവൃത്തികളോടും കാണിക്കുന്ന ഒരു സമഭാവനയുടെ പ്രതിഫലനം തന്നെയായിരുന്നു. ഒരു മനുഷ്യനെയും അയാളുടെ ജീവിതസാഹചര്യം വച്ചോ ജോലി വച്ചോ മറ്റു മാനദണ്ഡങ്ങൾ വച്ചോ അളന്നായിരുന്നില്ല അച്ഛൻ പെരുമാറിയിരുന്നത്. അതുകൊണ്ടുതന്നെ അച്ഛനേറ്റവും ഇഷ്ടപ്പെടുന്ന യാത്രകളിൽ അപരിചിതരായ മറ്റു സഹയാത്രികരോട് ചിരകാലസുഹൃത്തുക്കളെപ്പോലെ അടുക്കുന്നത് അദ്ഭുതത്തോടെ ഞാൻ കണ്ടിരുന്നിട്ടുണ്ട്.

ജീവിതത്തിലൊരിക്കലും പഠിക്കണമെന്നോ , ഇന്ന വിഷയമെടുക്കണമെന്നോ എന്നോട് അച്ഛൻ പറഞ്ഞിട്ടില്ല. എന്നുമെന്നെയെന്റെ വഴിക്ക് വിട്ടിരുന്നു. ഉപദേശങ്ങളൊക്കെ സംതൃപ്തിയോടെ ജീവിക്കാൻ വേണ്ടിയുള്ളതായിരുന്നു. കൗമാര പ്രായത്തിൽ എന്റെ ദുർവാശികളിലും മുൻകോപത്തിലും സങ്കടങ്ങളിലുമൊക്കെ വല്ലാത്ത ആധിയുണ്ടായിരുന്നു. മൂത്ത മകനെ നഷ്ടപ്പെട്ടു. ഇനിയുള്ള ഒരേയൊരു മകന്റെ കാര്യത്തിലുള്ള സ്വാഭാവികമായ ആശങ്ക. അന്നെഴുതിയ ഒരു കവിത വളരെക്കാലങ്ങൾക്കുശേഷമാണ് എന്നെപ്പറ്റിയായിരുന്നുവെന്ന് ഞാൻ തിരിച്ചറിയുന്നത്.

'ഏറെ ദുരൂഹത കൗമാരം-നിന്നെ

വേദനയൂട്ടുകയാവാം

പൂർവജന്മങ്ങളിലൊന്നും -തന്നെ

പൂർത്തിയാക്കാത്തതാം മോഹം

ഏതോ കിനാവിന്റെ ചിത്രം-ഒക്കെ

ഒാർമ്മയിലെത്തുകയാവാം."

ഇൗ വരികൾ ഇപ്പോൾ വായിക്കുമ്പോൾ അറിയാതെയെന്റെ കണ്ണ് നിറയും. ഇത്രയും മകനെ സ്നേഹിച്ച അച്ഛനുണ്ടാവില്ല. എന്റെ സുഹൃത്തുക്കളൊക്കെ എപ്പോഴും പറയും. അതുകൊണ്ടുതന്നെയാ വേർപാടിന്റെ നഷ്ടമിന്നും അതിജീവിക്കാനായിട്ടില്ല.

ദുഃഖങ്ങളണമുറിയാതെ കടന്നുവന്നൊരു ജീവിതമായിരുന്നെങ്കിലും ചെറിയ ചെറിയ കാര്യങ്ങളിൽ ഒരുപാട് സംതൃപ്തിയും സന്തോഷവും കണ്ടെത്തുമായിരുന്നു അച്ഛൻ. അത് തന്നെയാവും അദ്ദേഹത്തിന്റെ ഏറ്റവും വലിയ സമ്പത്തും. എനിക്ക് തോന്നുന്നു, ഒരുപക്ഷേ സംതൃപ്തിയുടെ മാപിനികൾ വളരെ താഴ്ത്തിയായിരുന്നിരിക്കാം അച്ഛൻ വച്ചിരുന്നത്. ഒരു ഗ്ളാസ് പച്ചവെള്ളം കുടിക്കുമ്പോഴാണെങ്കിലും ഒരു സിഗരറ്റ് വലിക്കുമ്പോഴാണെങ്കിലും നിർവൃതികൊണ്ട് അദ്ദേഹത്തിന്റെ കണ്ണുകളടയുന്നത് എന്നുമെനിക്ക് കൗതുകമായിരുന്നു. ഇൗ വെള്ളത്തിലെന്താ ഇത്ര ആസ്വദിക്കാൻ! എനിക്ക് മനസിലായിട്ടേയില്ല. പലപ്പോഴും കിളിമാനൂരേക്ക് യാത്ര പോകുമ്പോൾ , അച്ഛൻ പറയും. ഇൗ പോകുന്ന വഴിക്ക് ഉൗട്ടിയെപ്പോലെ മനോഹരമായ ഒരു സ്ഥലമുണ്ടെന്ന്. ഞങ്ങൾ നോക്കുമ്പോൾ കാടുപിടിച്ച ഒരു സാധാരണ സ്ഥലം. എപ്പോഴും ഇതുപറഞ്ഞ് ഞങ്ങളച്ഛനെ കളിയാക്കാറുണ്ടായിരുന്നു. രണ്ടോ മൂന്നോ മരം ചേർന്ന് നിൽക്കുന്നത് കണ്ടാൽ മതി, പിന്നെയത് ഉൗട്ടിപോലെ മനോഹരമായി! അതുപോലെ തന്നെ എന്റെ അത്ര ഗുണമില്ലാത്ത ഒരു ലേഖനം വായിച്ചാലും അച്ഛൻ പറയും. ഗംഭീരമെന്നു. അന്നൊക്കെ ഞാൻ കരുതി, അച്ഛനൊരു കവിയൊക്കെയായിരിക്കാം. പക്ഷേയൊരു നിരൂപകൻ, വീക്ഷണങ്ങളിൽ ഉപയോഗിക്കേണ്ട ഉയർന്ന മാനദണ്ഡങ്ങൾ അച്ഛന്റെ കൈവശമില്ലെന്ന്. അതാണ് നിസാര കാര്യങ്ങൾ അച്ഛന് സന്തോഷം നൽകുന്നതെന്ന്. പക്ഷേ ഇന്ന് ഞാനറിയുന്നു. അച്ഛന്റെ നന്മയും സന്തോഷവും വെളിച്ചവും കണ്ടെത്തുകയായിരുന്നു. ജീവിതത്തിലെയും പ്രകൃതിയിലെയും മനുഷ്യനിലെയും ഏറ്റവും വിരസമായിടങ്ങളിൽ നിന്നുപോലും അങ്ങനെയുള്ള മനുഷ്യൻ ചുറ്റിലും പ്രകാശം വിതറിക്കൊണ്ടേയിരിക്കും. അതുകൊണ്ടൊക്കെയാവാം ഒരുപാടുപേരിന്നും അച്ഛനെന്നോ കൊടുത്ത കരുതൽ, സ്നേഹം, അല്പാല്പമായെങ്കിലും മടക്കിനൽകാനായി എന്നെത്തേടിയെത്തുന്നത്, അച്ഛന്റെ പേരിൽനിന്നൊരിക്കലോടിയൊളിക്കാൻ ശ്രമിച്ച ഇൗ എന്നെത്തേടി!.

(ലേഖകന്റെ ഫോൺ: 9447923723.)