നെയ്യാറ്റിൻകര: പ്രളയം കവർന്നെടുത്ത നാടിന്റെ വേദനയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആർഭാടങ്ങളും അലങ്കാരങ്ങളും ഒഴിവാക്കി നെയ്യാറിന്റെ മണ്ണിലെ വേദികളിൽ കലയുടെ കേളികൊട്ട് ഉയർന്നു. കമാനങ്ങളും പന്തലുകളും വർണാലങ്കാരങ്ങളും ഇല്ലാതെയാണ് രണ്ട് വർഷത്തിനു ശേഷം പട്ടണത്തിൽ വീണ്ടുമെത്തുന്ന കലോത്സവത്തെ നെയ്യാറ്റിൻകര വരവേറ്റത്. ഗവ. ബോയ്‌സ് സ്‌കൂളിലെ ഒന്നാം വേദിയിൽ ഹൈസ്‌കൂൾ വിഭാഗം തിരുവാതിരയോടെയാണ് 59-ാമത് റവന്യൂ ജില്ലാ കലോത്സവത്തിന് അരങ്ങുണർന്നത്. 16 വേദികളിലാണ് മത്സരങ്ങൾ. ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പന്തലുകൾ ഒഴിവാക്കിയതിനാൽ കാണികളുടെ കുറവ് പ്രകടമായിരുന്നു. സ്ഥിരം പന്തലുള്ള ബോയ്‌സ് സ്‌കൂളിലെ ഒന്നാം വേദിയിൽ മാത്രമാണ് നിറഞ്ഞ സദസുണ്ടായിരുന്നത്. മറ്റ് വേദികളിലെല്ലാം വിധികർത്താക്കൾക്ക് പിന്നിലെ ചുരുക്കം നിരകളിൽ കാഴ്ചക്കാർ ഒതുങ്ങി. വെയിൽ കനത്തതോടെ വേദിക്ക് മുന്നിൽ വിധികർത്താക്കൾ മാത്രമായ സ്റ്റേജുകളും കലോത്സവത്തിലെ കാഴ്ചയായി.

സമയനിഷ്ഠ പാലിക്കാതെ ആദ്യദിനം


183 ഇനങ്ങൾ രണ്ട് ദിവസം കൊണ്ട് പൂർത്തിയാക്കേണ്ടതുണ്ടെങ്കിലും രാവിലെ 9.30ന് തുടങ്ങേണ്ട മത്സരങ്ങൾ ആരംഭിച്ചത് 11 ഓടെയാണ്. മത്സരങ്ങൾ സമയത്ത് ആരംഭിച്ചാൽ തന്നെ അവസാനിക്കാൻ രാത്രി 11 കഴിയുമെന്നായിരുന്നു അധികൃതരുടെ വിലയിരുത്തൽ. തുടക്കത്തിൽ തന്നെ സമയച്ചട്ടം പാളിയതോടെ മത്സരങ്ങൾ രാത്രി വൈകിയും തുടരുകയാണ്. നേരിയ സമയവ്യത്യാസത്തിലാണ് സമയപ്പട്ടിക ക്രമീകരിച്ചിരുന്നത്. ഒരേസമയം വ്യത്യസ്‌ത ഇനങ്ങളിൽ മത്സരിക്കേണ്ട വിദ്യാർത്ഥികളാണ് ഇതോടെ കുടുങ്ങിയത്.

വേദിയിലെത്തിയത് ഗ്ലാമർ ഇനങ്ങൾ


നാടകവും മിമിക്രിയും മാർഗംകളിയും വട്ടപ്പാട്ടും തിരുവാതിരയും ഒപ്പനയുമടക്കം ജനകീയ ഇനങ്ങളാണ് ആദ്യ ദിവസമുണ്ടായിരുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് നാടകങ്ങൾക്ക് പൊതുവേ നിലവാരമില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ രംഗവിതാനത്തിലെ പ്രൊഫഷണൽ ടച്ച് എടുത്തുപറയേണ്ടതാണ്. കലോത്സവങ്ങളിൽ സദസിനെ പൊട്ടിച്ചിരിപ്പിക്കാറുള്ള മിമിക്രി വേദിയും ഇക്കുറി വരണ്ടതായി. ആവർത്തന വിരസതയും അതിനൊപ്പം അവതരണത്തിലെ ഏച്ചുകെട്ടലും കൂടിയായതോടെ ചിരിയുയരുന്ന വേദി നിശ്ചലമായിരുന്നു. സാമൂഹ്യ വിമർശനത്തിന്റെ നേർക്കാഴ്ചകൾ പകർന്ന മോണോ ആക്ട് ആദ്യദിനത്തിൽ ശ്രദ്ധാകേന്ദ്രമായിരുന്നു. ഓഖിയും പ്രളയവും ആൾക്കൂട്ട കൊലപാതകവുമെല്ലാം മോണോ ആക്ടിൽ വിഷയങ്ങളായി. മാർഗംകളിയും വട്ടപ്പാട്ടും ഒപ്പനയുമായിരുന്നു സദസിനെ സജീവമാക്കിയ ഇനങ്ങൾ.


ചെലവുചുരുക്കൽ മേള


മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഭക്ഷണത്തിന് ഇത്തവണ ബുഫെ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഗേൾസ് സ്‌കൂളിലാണ് ഭക്ഷണശാല. 50 അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് കലവറയുടെ പ്രവർത്തനം. കലോത്സവ വേദികൾ സമ്പൂർണ ഗ്രീൻ പ്രോട്ടോക്കോൾ നിയന്ത്രണത്തിലാണ്. മത്സരാർത്ഥികൾക്കുള്ള ബാഡ്‌ജ് അല്ലാതെ സംഘാടകർക്ക് ബാഡ്‌ജോ അടയാളങ്ങളോ ഇല്ല. ഉദ്ഘാടന സമാപന സമ്മേളനങ്ങളും ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം 32.40 ലക്ഷമായിരുന്ന കലോത്സവത്തിന്റെ നടത്തിപ്പ് ചെലവ് ഇക്കുറി 16 ലക്ഷമായി ചുരുക്കി. രണ്ട് ദിവസങ്ങളിലായി 4218 വിദ്യാർത്ഥികളാണ് മേളയിൽ പങ്കെടുക്കുന്നത്. ജില്ലാതല മത്സരത്തിൽ നിന്ന് യു.പി ഒഴിവാക്കിയതോടെ 1500ഓളം വിദ്യാർത്ഥികളുടെ പങ്കാളിത്തം കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ. മത്സര വിജയികൾക്ക് ഇത്തവണ വ്യക്തിഗത ട്രോഫികളുണ്ടാകില്ല, എന്നാൽ സർട്ടിഫിക്കറ്റ് നൽകും.