pinarayi-vijayan

തിരുവനന്തപുരം: ശബരിമലയിൽ തീർത്ഥാടകരുടെ വാഹനങ്ങൾ തടയുകയും മാദ്ധ്യമപ്രവർത്തകരെ ആക്രമിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് 58 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഈ കേസുകളിൽ 320 പ്രതികളെ അറസ്റ്റ് ചെയ്തു. സന്നിധാനത്ത് 52 വയസ് പ്രായമുള്ള ലളിതയെ യുവതി എന്ന് കരുതി ആക്രമിച്ച കേസിൽ 6 പേരെ അറസ്റ്റ് ചെയ്തു. ഐ.ബി. സതീഷ്, ബി. സത്യൻ എന്നിവരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ശബരിമലയിൽ കലാപമുണ്ടാക്കുന്നതിനും ക്രമസമാധാനനില തകർത്ത് സമൂഹത്തിൽ ധ്രുവീകരണം ഉണ്ടാക്കുന്നതിനും ചില വർഗീയ കക്ഷികളും സ്ഥാപിത താത്പര്യക്കാരും ശ്രമിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ ബി.ജെ.പി, ആർ.എസ്.എസ് സംഘടനകളിൽ ഉൾപ്പെട്ടവരാണുള്ളത്. ശബരിമലയിൽ ആചാരലംഘനങ്ങൾക്ക് മൗനാനുവാദം നൽകിയവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്ന കാര്യം ദേവസ്വം ബോർഡിന്റെ പരിഗണനയിലാണ്. വിശ്വാസികളെ തടയുന്ന രീതിയിലേക്ക് കാര്യങ്ങൾ പോകാതിരിക്കാൻ ജില്ലാ ഭരണകൂടവും പൊലീസും കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.