frrru

നെയ്യാറ്റിൻകര: സിനിമാതാരത്തിന്റെ പകിട്ടിൽ കലോത്സവത്തിൽ പങ്കെടുത്ത സ്വരാജ് വീണ്ടും മോണോആക്ട് മത്സരത്തിൽ ഒന്നാമൻ.' നോഹയുടെ പെട്ടകത്തെ ഹരിത പെട്ടകമാക്കി ' എന്ന ആശയത്തിൽ പ്രളയദുരിതത്തിൽ അകപ്പെട്ട കേരള ജനതയുടെ കഷ്ടതകളും പ്രളയത്തിൽ നിന്ന് കരകയറാൻ കാണിച്ച ഒരുമയും അതിനിടെയുണ്ടായ കല്ലുകടികളുമെല്ലാം അവതരിപ്പിച്ചാണ് നാവായിക്കുളം ജി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ സ്വരാജ് ബി.എം എ ഗ്രേഡോടെ ഹൈസ്‌കൂൾ വിഭാഗം മേണോ ആക്ട് മത്സരത്തിൽ ഒന്നാമതെത്തിയത്. അഞ്ചാംക്ലാസ് മുതൽ ജില്ലാതല മേണോ ആക്ട് മത്സരത്തിൽ തുടർച്ചയായി ഒന്നാംസ്ഥാനം നേടിയിട്ടുള്ള സ്വരാജ് കഴിഞ്ഞ വർഷം സംസ്ഥാനതലത്തിൽ എ ഗ്രേഡും നേടി. മമ്മൂട്ടി നായകനായ രഞ്ജിത്തിന്റെ 'പുത്തൻപണം' എന്ന സിനിമയിലൂടെയാണ് സ്വരാജ് സിനിമയിലെത്തുന്നത്. പിന്നീട് ' ഉദാഹരണം സുജാത'യിൽ മഞ്ജു വാര്യർക്കൊപ്പവും ശ്രദ്ധേയ വേഷത്തിലെത്തി. ഇപ്പോൾ കിരൺ പ്രഭാകർ സംവിധാനം ചെയ്യുന്ന ' താക്കോൽ' എന്ന സിനിമയിൽ അഭിനയിക്കുകയാണ് നാവായിക്കുളം വെട്ടിയറ സ്വദേശിയായ സ്വരാജ്. ചാത്തന്നൂർ ജി.എച്ച്.എസ്.എസിലെ അദ്ധ്യാപകനായ ബൈജുവിന്റെയും കാപ്പിൽ ജി.എച്ച്.എസ്.എസിലെ അദ്ധ്യാപിക മായയുടെയും മകനാണ്‌.