kerala-assembly

തിരുവനന്തപുരം: ശബരിമലയിൽ ഭക്തരെ അടിച്ചോടിക്കുന്ന പൊലീസ് നടപടിയിലെ പ്രതിപക്ഷ പ്രതിഷേധം നിയമസഭയെ പ്രക്ഷുബ്‌ധമാക്കി. രാവിലത്തെ ബഹളത്തെ തുടർന്ന് ഒരു മണിക്കൂറോളം നിറുത്തിവച്ച ശേഷം 11ന് സഭ പുനരാരംഭിച്ചെങ്കിലും നിരോധനാജ്ഞ പിൻവലിക്കില്ലെന്ന മുഖ്യമന്ത്റി പിണറായി വിജയന്റെ പ്രഖ്യാപനത്തെ തുടർന്നുണ്ടായ ബഹളം കാരണം ഉച്ചയ്ക്ക് ഒന്നേമുക്കാലിന് നടപടികൾ വേഗത്തിലാക്കി പിരിഞ്ഞു.

വി.എസ്. ശിവകുമാറിന്റെ അടിയന്തര പ്രമേയ അവതരണ നോട്ടീസിനു മറുപടി പറഞ്ഞ മുഖ്യമന്ത്റി പിണറായി വിജയൻ ശബരിമലയിലെ നിരോധനാജ്ഞ അടക്കമുള്ള പൊലീസ് നടപടികളെ അനുകൂലിച്ചു.

വി.എസ്. ശിവകുമാറിന്റെ പ്രസംഗം 20 മിനിട്ടിലെത്തിയപ്പോൾ മൈക്ക് ഓഫ് ചെയ്ത സ്പീക്കറുടെ നടപടിയിലും പ്രതിപക്ഷം പ്രതിഷേധിച്ചു. തുടർന്നു സ്ഥലം എം.എൽ.എ എന്ന നിലയിൽ രാജു എബ്രഹാമിനെ സ്പീക്കർ ക്ഷണിച്ചപ്പോൾ പ്രതിപക്ഷ ബഹളമുണ്ടായി. ഒരു മിനി​ട്ട് എന്ന മുന്നറിയിപ്പുമായി പ്രസംഗം തുടങ്ങിയ രാജു എബ്രഹാമിന്റെ പ്രസംഗം രണ്ടു മിനി​ട്ട് കടന്നപ്പോൾ പ്രതിപക്ഷ അംഗങ്ങൾ ബഹളവുമായി നടത്തളത്തിലിറങ്ങി. മുഖ്യമന്ത്റി രണ്ടു മണിക്കൂറിലധികവും പ്രതിപക്ഷ നേതാവ് 45 മിനി​ട്ടും പ്രസംഗിച്ചു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച നിലപാടിൽ പ്രതിഷേധിച്ചു മുദ്റാവാക്യം വിളികളുമായി പ്രതിപക്ഷ പ്രതിഷേധം തുടർന്നു. ഇതേ തുടർന്നു ശ്രദ്ധക്ഷണിക്കലും സബ്മിഷനുകളും റദ്ദാക്കിയ സ്പീക്കർ, മൂന്നു ബില്ലുകളും ചർച്ച കൂടാതെ പാസാക്കി സബ്‌ജക്ട് കമ്മി​റ്റിയുടെ പരിഗണനയ്ക്ക് അയച്ചു.