തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കുന്ന സമ്പൂർണ ട്രോമ കെയർ സംവിധാനത്തിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജിന് മന്ത്രി കെ.കെ. ശൈലജ 11.27 കോടി രൂപ കോമ്പ്രിഹെൻസീവ് ഭരണാനുമതി നൽകി. ആദ്യ ഗഡുവായി 7.5 കോടി രൂപ നൽകി. അടിസ്ഥാന സൗകര്യ വികസനവും ഉപകരണങ്ങളും മാർച്ച് 31 നകം സജ്ജമാക്കത്തക്ക രീതിയിലുള്ള നടപടിക്രമങ്ങളാണ് തയ്യാറാക്കുന്നത്. എമർജൻസി മെഡിസിൻ വിഭാഗം, സ്റ്റേറ്റ് ഒഫ് ദ ആർട്ട് സിമുലേഷൻ സെന്റർ, മൂന്ന് തലങ്ങളിലുള്ള ട്രോമകെയർ സംവിധാനം എന്നിവയാണ് സമഗ്ര ട്രോമകെയർ സംവിധാനത്തിലുള്ളത്. ഇതോടൊപ്പം അപകടത്തിൽപ്പെടുന്നവർക്ക് ആദ്യ 48 മണിക്കൂർ വേണ്ടിവരുന്ന അടിയന്തര ചികിത്സാച്ചെലവ് സർക്കാർ വഹിക്കും. എയിംസിലെ ഡോക്ടർമാരുടെ സഹകരണത്തോടെ ലെവൽ -2 സംവിധാനം ഒരുക്കുന്നതിനായി എയിംസ് സംഘത്തിന്റെ നേതൃത്വത്തിൽ പരിശീലനങ്ങളും നൽകിവരുന്നു. ഇതോടൊപ്പം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള 10 കോടി രൂപയുടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റേറ്റ് ഒഫ് ദ ആർട്ട് സിമുലേഷൻ സെന്ററും ആരംഭിക്കും.