തിരുവനന്തപുരം: കോൺഗ്രസിനെ തകർക്കാൻ സി.പി.എം എല്ലാകാലത്തും ശ്രമിച്ചിട്ടുണ്ടെന്നും ആ ശ്രമം ഇനിയും തുടരുമെന്നും മുഖ്യമന്ത്റി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കോൺഗ്രസിനെ തകർക്കുക എന്നതു തങ്ങളുടെ രാഷ്ട്രീയ നിലപാടാണ്. എന്നാൽ, ബി.ജെ.പിയെ വളർത്തുന്നതു തങ്ങളുടെ അജൻഡയിലില്ല.
കോൺഗ്രസ് എങ്ങനെ ശോഷിച്ചു പോയെന്നു ആത്മപരിശോധന നടത്തണം. സംഘപരിവാർ നിലപാടിനൊപ്പം കോൺഗ്രസ് നിൽക്കുന്നത് എക്കാലവും ദോഷം മാത്രമേ ചെയ്യൂ. ഒന്നിൽ നിന്നും കോൺഗ്രസ് പാഠം പഠിക്കുന്നില്ല. കോൺഗ്രസിന്റെ സ്വത്വവും പാരമ്പര്യവും അവർ തിരിച്ചറിയണം. അതില്ലാത്തതിനാലാണ് അവർ സംഘപരിവാറിനൊപ്പം നിൽക്കുന്നത്- മുഖ്യമന്ത്റി പറഞ്ഞു.
എന്നാൽ, കോൺഗ്രസിനെ ദുർബലപ്പെടുത്തി, ബി.ജെ.പിയെ വളർത്തുന്ന നിലപാടാണ് ശബരിമല പ്രശ്‌നത്തിൽ മുഖ്യമന്ത്റി പിണറായി വിജയനും സി.പി.എമ്മും കൈക്കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമലയിൽ കലാപം ഉണ്ടാക്കാൻ സർക്കാർ അവസരം ഒരുക്കിയപ്പോൾ ബി.ജെ.പി കലാപം സൃഷ്ടിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ശബരിമല പ്രശ്‌നത്തിൽ മുഖ്യമന്ത്റിയും ആർ.എസ്.എസുമായി ചില അഡ്ജസ്റ്റ്മെന്റുകൾ നടക്കുകയാണെന്ന് അടിയന്തര പ്രമേയ അവതരണത്തിന് നോട്ടീസ് നൽകിയ വി.എസ്. ശിവകുമാർ ആരോപിച്ചു.