iydse

നെയ്യാറ്റിൻകര: മുൻഷിയിലെ സഖാവ് രാഷ്ട്രീയം ഒന്നും പറഞ്ഞില്ല, പറയാനുണ്ടായിരുന്നതെല്ലാം മകനെക്കുറിച്ച് മാത്രം. സ്വകാര്യ ചാനലിലെ ആക്ഷേപഹാസ്യ പരിപാടിയായ മുൻഷിയിൽ സഖാവ് വേഷം അവതരിപ്പിക്കുന്ന മധുവിന്റെ മകൻ ഈശ്വർ മാധവിനാണ് ഹൈസ്‌കൂൾ വിഭാഗം ആൺകുട്ടികളുടെ കുച്ചിപ്പുടിയിൽ ഒന്നാംസ്ഥാനം ലഭിച്ചത്. നെടുമങ്ങാട് ദർശന ഹയർസെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ഈശ്വർ. അച്ഛനെ തിരിച്ചറിഞ്ഞവർ വിശേഷം തിരക്കിയപ്പോഴാണ് മകന്റെ വിജയമറിയുന്നത്. രണ്ട് ദിവസം മുൻഷിയിൽ സഖാവുണ്ടാവില്ല. മുൻഷിയിൽ നിന്ന് രണ്ട് ദിവസം ലീവെടുത്താണ് മധു മകനുമൊത്ത് നെയ്യാറ്റിൻകരയിലെത്തിയത്. ഭരതനാട്യം, നാടോടിനൃത്തം എന്നീ ഇനങ്ങളിലും ഈശ്വർ മത്സരിക്കുന്നുണ്ട്. മധുവിൽ നിന്ന് ആദ്യപാഠങ്ങൾ ഏറ്റുവാങ്ങിയാണ് ഈശ്വർ കലാരംഗത്ത് ചുവടുവയ്ക്കുന്നത്. സംസ്ഥാന കലോത്സവത്തിൽ ആദ്യമായാണ് ഈശ്വർ പങ്കെടുക്കുന്നത്.