cm

തിരുവനന്തപുരം: നവോത്ഥാന ചിന്തകളും ഭരണഘടനയും ഉൾപ്പെടുത്തി സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരളം കർമ്മപദ്ധതി ശിൽപ്പശാലയുടെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയും നവോത്ഥാനചിന്തകളും ക്ളാസ് മുറികളിലും ചർച്ച ചെയ്യണം. ഇതനുസരിച്ച് പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നത് സർക്കാർ പരിശോധിക്കും. അന്ധവിശ്വാസങ്ങൾക്കെതിരായ പ്രായോഗിക ഇടപെടൽ അദ്ധ്യാപകരിൽ നിന്നുണ്ടാവണം. അങ്ങനെ സംഭവിക്കുന്നില്ലെന്ന വിമർശനം ഇപ്പോഴുണ്ട്. സമഗ്ര പോർട്ടൽ ഉപയോഗിച്ച് ക്ളാസുകൾ കൃത്യമായി നടക്കുന്നുണ്ടോയെന്ന് വിലയിരുത്തണം. പഠന സൗകര്യം ഒരുക്കുന്നതിനൊപ്പം പഠനപ്രവർത്തനം ഫലപ്രദമായി നടത്താനും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സാധിക്കണം. വിദ്യാലയങ്ങളെ പൂർണമായി ലഹരി മുക്തമാക്കുന്നതിൽ പ്രത്യേക ശ്രദ്ധ വേണം.

അടുത്ത 2വർഷത്തിനുള്ളിൽ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം 60 ശതമാനത്തിലെത്തിക്കണം. നിലവിൽ 40ശതമാനമാണ്. ഇതിനനുസരിച്ച് ആരോഗ്യകേന്ദ്രങ്ങൾ മെച്ചപ്പെടുത്തണം. ഇതിനായി സ്‌പോൺസർഷിപ്പും കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ടും വിനിയോഗിക്കാനാവുമോയെന്ന് നോക്കണം- മുഖ്യമന്ത്രി പറഞ്ഞു.

പഞ്ചായത്ത് തലത്തിൽ ഒരു വാട്ടർ ബഡ്ജറ്റ് ഉണ്ടാക്കുന്നത് പരിശോധിക്കണമെന്ന് ജലവിഭവ മന്ത്രി കെ.കൃഷ്‌ണൻകുട്ടി പറഞ്ഞു. മന്ത്രിയായി ചുമതലയേറ്റ ശേഷം അദ്ദേഹത്തിന്റെ ആദ്യത്തെ ഔദ്യോഗിക പരിപാടിയായിരുന്നു ഇത്. തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്‌തീൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.കെ. ശൈലജ ടീച്ചർ, പ്രൊഫ.സി. രവീന്ദ്രനാഥ്, മേയർ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു തുടങ്ങിയവർ സന്നിഹിതരായിരുന്നു.