ഫയർ ഫോഴ്സ് 5 മണിയോടെ തെരച്ചിൽ അവസാനിപ്പിച്ചിരുന്നു
നാട്ടുകാർ നോക്കിനിൽക്കേ മൃതദേഹം കടവിൽ പൊന്തി
ഇരുവരുടെയും സംസ്കാരം ഇന്ന് നടക്കും
മലയിൻകീഴ്: കരമനയാറ്റിൽ കുണ്ടമൺകടവ് മൂലത്തോപ്പ് പനച്ചമൂട് കടവിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളുൾപ്പെട്ട അഞ്ച് അംഗ സംഘത്തിലെ കാണാതായ കുട്ടിയുടെ മൃതദേഹം ഇന്നലെ വൈകുന്നേരം 6 മണിയോടെ കണ്ടെത്തി.കുരിശുമുട്ടം താഴച്ചിറക്കോണം ക്ഷേത്രത്തിന് സമീപം സായ് ഹൗസിൽ അനിൽകുമാറിന്റെയും ശ്രീജയുടെയും മകൻ ശരത്ചന്ദ്രന്റെ(13)മൃതദേഹമാണ് കണ്ടെത്തിയത്.ശരത്തിന്റെ ജ്യേഷ്ഠൻ രാഹുൽ ചന്ദ്ര ( 17 ) ന്റെ മൃതദേഹം അപകടംനടന്ന ചൊവ്വാഴ്ചതന്നെ കിട്ടിയിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം മുതൽ ഇന്നലെ വൈകുന്നേരം 5 വരെ ഫയർഫോഴ്സും നാട്ടുകാരും തെരച്ചിൽ നടത്തിയിരുന്നെങ്കിലും ശരത് ചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയിരുന്നില്ല.തെരച്ചിൽ അവസാനിപ്പിച്ച് വൈകുന്നേരം 5 മണിയോടെ ഫയർഫോഴ്സ് സംഘം മടങ്ങിയിരുന്നു.ഇന്ന് രാവിലെ തെരച്ചിൽ പുനരാരംഭിക്കാനിരിക്കെയാണ് ശരത്ചന്ദ്രന്റെ മൃതദേഹം കടവിൽ പൊങ്ങിയത്. മണലൂറ്റുമൂലമുണ്ടായ കുഴിയിൽ ആണ്ടുപോയിരുന്നു മൃതദേഹം . ജ്യേഷ്ഠന്റെയും അനുജന്റെയും സംസ്കാരം ഇന്ന് നടക്കും.
ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് സുഹൃത്തുക്കളോടൊപ്പമാണ് ഇവർ കടവിലെത്തിയത്. രാഹുൽചന്ദ്രനും ശരത്ചന്ദ്രനും തൈക്കാട് സ്വദേശി ഇന്ദ്രജിത്തും കുളിക്കനിറങ്ങി. മൂവരും ഒഴുക്കിൽപ്പെട്ടു.കുളിക്കാനിറങ്ങാതെ കരയിലിരുന്നവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി ഇന്ദ്രജിത്തിനെ രക്ഷപ്പെടുത്തി . രാഹുലിനെയും അനുജനെയും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ലിരുന്നില്ല .രാഹുൽചന്ദ്രന്റെ ജന്മദിനം ആഘോഷിക്കാൻ ഒത്തുചേർന്നതായിരുന്നു കുട്ടികൾ.