sivagiri

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ ആദ്യ സിലോൺ യാത്രയുടെ നവതി ആഘോഷ പരിപാടികളിൽ പങ്കെടുത്ത സന്യാസി ശ്രേഷ്ഠരുടെ നേതൃത്വത്തിലുള്ള ശിവഗിരി സംഘം ഇന്നലെ രാവിലെ ശ്രീലങ്കയിൽ നിന്നു മടങ്ങിയെത്തി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി ബ്രഹ്മസ്വരൂപാനന്ദ, കോയമ്പത്തൂർ, മുംബയ്, ചെന്നൈ, ഭിലായ് എന്നിവിടങ്ങളിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പ്രതിനിധികൾ, ഗുരുദേവ ഭക്തർ എന്നിവരുൾപ്പെടെ 125 പേരുടെ സംഘമാണ് അഞ്ച് ദിവസം നീണ്ട സിലോൺ യാത്രയിലുണ്ടായിരുന്നത്.

അവിസ്‌മരണീയമായിരുന്നു നവതി ആചരണ പരിപാടികളെന്നും ശ്രീലങ്കൻ ജനത സ്നേഹ നിർഭരമായാണ് ശിവഗിരി സംഘത്തെ സ്വീകരിച്ചതെന്നും സ്വാമി സാന്ദ്രാനന്ദ പറഞ്ഞു. 90 വർഷം മുമ്പ് ഗുരുദേവ തൃപ്പാദങ്ങൾ പതിഞ്ഞ ശ്രീലങ്കൻ മണ്ണിലൂടെ നടത്തിയ സ്‌മൃതിയാത്ര ധന്യമായൊരു സ്‌മരണയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ - ശ്രീലങ്ക കൾച്ചറൽ ഫാറം പ്രസിഡന്റ് പ്രകാശ്, ജയകുമാർ ഇന്റർനാഷണൽ ശ്രീനാരായണ കോൺഫെഡറേഷൻ പ്രസിഡന്റ് മുഹമ്മദ്, കോയമ്പത്തൂർ ശ്രീനാരായണ മിഷൻ ഭാരവാഹി വാസു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നവതി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. മഹാസമാധിയുടെ നവതി ആചരണത്തിന്റെ ഭാഗമായി 41 ദിവസം നീണ്ടുനിന്ന മണ്ഡലമഹായജ്ഞത്തിന്റെയും യതിപൂജയുടെയും പര്യവസാനത്തിനു ശേഷം ശ്രീലങ്കൻ യാത്രയുടെ നവതിയും ആഘോഷിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് ശിവഗിരിമഠം. ശ്രീനാരായണ ധർമ്മസംഘം, മഹാസമാധി, ഗുരുവിന്റെ ശ്രീലങ്കൻ സന്ദർശനം എന്നിവയുടെ നവതിക്കു പുറമെ ശിവഗിരി തീർത്ഥാടനത്തിന് ഗുരുദേവൻ അനുമതി നൽകിയതിന്റെ നവതിവർഷം കൂടിയാണിത്. ഈ പുണ്യ വർഷത്തിന്റെ സമാപനം കൂടിയായിരിക്കും ഇത്തവണത്തെ ശിവഗിരി തീർത്ഥാടനമെന്ന് സ്വാമി സാന്ദ്രാനന്ദ പറഞ്ഞു.