jhhgg

നെയ്യാറ്റിൻകര: കലോത്സവത്തിന്റെ ആദ്യദിനം തന്നെ വീട്ടിലേക്ക് രണ്ട് ഒന്നാംസമ്മാനങ്ങൾ എത്തിക്കാനായതിന്റെ സന്തോഷത്തിലാണ് ഹൃദയയും ഹൃദയേഷും. മുക്കോലയ്‌ക്കൽ സെന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളായ സഹോദരങ്ങളാണ് ഒന്നാംസ്ഥാനവും എ ഗ്രേഡുമായി തിളങ്ങിയത്. പേരൂർക്കട പൈപ്പിൻമൂട് അസൈറ്റിൽ ഫ്ലാറ്റ് നാല് സിയിലെ താമസക്കാരായ ഡോ. രാമകൃഷ്ണന്റെയും എസ്. മംഗളയുടെയും മക്കളാണ് ഹൃദയ ആർ. കൃഷ്ണനും ഹൃദയേഷ് ആർ. കൃഷ്ണനും. 10ാ-ാം ക്ലാസ് വിദ്യാർത്ഥിനിയായ ഹൃദയ ഹൈസ്‌കൂൾ വിഭാഗം വീണവാദനത്തിലാണ് ഒന്നാമതെത്തിയത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഹൃദയ സംസ്ഥാന തലത്തിൽ വീണവാദനത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയിരുന്നു. കലാമേഖലകളിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്ന വിദ്യാർത്ഥികൾക്കുള്ള കേന്ദ്ര സർക്കാരിന്റെ സി.സി.ആർ.ടി സ്‌കോർഷിപ്പ് ഹൃദയക്ക് ലഭിക്കുന്നുണ്ട്. ഗാന്ധിജയന്തി ദിനത്തിൽ ഭാരതത്തിലെ മികച്ച കലാകാരൻമാർ രാജ്ഘട്ടിൽ അവതരിപ്പിച്ച കലാപരിപാടിയിൽ കേരളത്തിൽ നിന്ന് പങ്കെടുത്ത കലാകാരിയാണ് ഹൃദയ. ഹൃദയയുടെ അനുജൻ ഹൃദയേഷ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ശാസ്ത്രീയ സംഗീതത്തിലാണ് ഹൃദയേഷ് തുടർച്ചയായ രണ്ടാംതവണയും ഒന്നാംസ്ഥാനം നേടിയത്.