cpi

തിരുവനന്തപുരം : ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ യഥാർത്ഥ സത്ത ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്ന ഇടപെടൽ പാർട്ടി കുടുംബയോഗങ്ങളിൽ നടത്തണമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗം നിർദ്ദേശിച്ചു. ശബരിമലയിലെ പൊലീസ് ഇടപെടലിനെതിരെ യോഗത്തിൽ ഒറ്റപ്പെട്ട വിമർശനങ്ങളുയർന്നെങ്കിലും സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നിലപാടുകളെ പിന്തുണയ്‌ക്കുന്നതായിരുന്നു പൊതുവികാരം.

ആചാരങ്ങൾ കോടതിവിധിയുടെ ഭാഗമായി സംരക്ഷിക്കപ്പെടേണ്ടതല്ലെന്ന് വിചാരിക്കുന്നവരോട് തർക്കിച്ച് അവരെ ബി.ജെ.പി പാളയത്തിലേക്കെത്തിക്കുന്നതിന് പകരം, അവരെ പൗരാവകാശ സംരക്ഷണത്തിന് ഒപ്പം നിറുത്താനുള്ള ഇടപെടലുണ്ടാവണം. കുടുംബയോഗങ്ങളിൽ ജനങ്ങൾ ഉന്നയിക്കുന്ന സംശയങ്ങൾ ക്ഷമയോടെ കേട്ട് അവ ദൂരീകരിക്കണമെന്ന് റിപ്പോർട്ട് അവതരിപ്പിച്ച സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു. ഡിസംബർ ഒന്ന് മുതൽ 20 വരെയാണ് സംസ്ഥാന കൗൺസിൽ അംഗങ്ങൾ പങ്കെടുക്കുന്ന കുടുംബയോഗങ്ങൾ നടത്തുന്നത്.

പൊലീസിന്റെ ഇടപെടൽ ശരിയായില്ലെന്ന വിമർശനമാണ് ചിലർ ഉന്നയിച്ചത്. സർക്കാരും പാർട്ടി നേതൃത്വവും പറയേണ്ട കാര്യങ്ങൾ ഡി.ജി.പി പറയുന്നത് ശരിയല്ല. ഇത്തരം നടപടികൾ ഒഴിവാക്കിയില്ലെങ്കിൽ ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കുമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.