kundamonkadav

മലയിൻകീഴ്: പുറത്ത് സുന്ദരമായ മുഖം കാട്ടി ഉള്ളിൽ മരണക്കെണി ഒളിപ്പിച്ചു വച്ചിരിക്കുകയാണ് കരമന ആറിലെ കടവുകൾ. കുരിശുമുട്ടം താഴെച്ചിറയ്ക്കൽ അനിൽകുമാറിന്റെ രണ്ട് മക്കളുടെ ജീവനെടുത്ത കരമന ആറിലെ പനച്ചമൂട് കടവിൽ ഇതുവരെ ജീവൻ നഷ്ടപ്പെട്ടത് 22 പേർക്കാണ്.

ഈ ആറിലെ കടവുകൾ നിറയെ മനുഷ്യനിർമ്മിത മരണക്കയങ്ങളായി തീർന്നിട്ടുണ്ട്. ഓരോ ജീവൻ പൊലിയുമ്പോഴും നഷ്ടമാകുന്നത് കുടുംബങ്ങൾക്കാണ്. അധികൃതർ സുരക്ഷാ മുൻകരുതൽ എടുത്തിരുന്നെങ്കിൽ ഇത്രയും ജീവൻ നഷ്ടപ്പെടില്ലായിരുന്നു.

സമീപത്തെ അരുവിപ്പുറം കടവിൽ പത്ത് വർഷത്തിനിടെ പൊലിഞ്ഞത് 16 ജീവനുകൾ. എല്ലാം ഇരുപത് വയസിൽ താഴെയുള്ളവർ. കുളിക്കടവായിട്ടും പനച്ചമൂട് കടവിൽ കൽപ്പടവുകളില്ല. ആറിൽ വെള്ളമുയർന്നിരുന്നത് അറിയാതെയാണ് പലരും അപകടത്തിൽ പെടുന്നത്. ചൊവ്വാഴ്ച പിറന്നാളാഘോഷത്തിനെത്തിയ പ്ലസ് ടു വിദ്യാർത്ഥി രാഹുൽചന്ദ്രനും (17), അനുജൻ ശരത്ചന്ദ്രനും മരിച്ചതാണ് ഒടുവിലത്തേത്. ക്രിസ്മസിന് പുൽക്കൂടൊരുക്കാൻ മുളയും പുല്ലുമെടുക്കാനെത്തിയ പുതുവീട്ടുമേലെ സ്വദേശികളായ രണ്ട് കുട്ടികളും ഈ ആറ്റിൽ വീണ് നാല് വർഷം മുൻപ് മരിച്ചിരുന്നു. അനധികൃത വൈരക്കല്ലു ഖനനവും മണലൂറ്റും കാരണമാണ് കരമന ആറിൽ മനുഷ്യനിർമ്മിത മരണക്കയങ്ങൾ ഉണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്.