venj

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ടൗണിലെ ട്രാഫിക് കുരുക്കിന് ശാശ്വത പരിഹാരമായി വിഭാവനം ചെയ്ത ഒാവർ ബ്രിഡ്ജിന്റെ മണ്ണ് പരിശോധനകളും രൂപരേഖകളും പൂർത്തിയായതായി അധികൃതർ പറഞ്ഞു. ഇനി വാട്ടർ അതോറിട്ടിയുടെയും ഇലക്ട്രിസിറ്റി ബോർഡിന്റെയും എസ്റ്റിമേറ്റുകൾ കൂടി ലഭിക്കണം. ഇക്കാര്യം ബന്ധപ്പെട്ട വകുപ്പുകളുടെ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. എസ്റ്റിമേറ്റ് ലഭിച്ച് കഴിഞ്ഞാൽ മാത്രമേ പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ചുള്ള സമഗ്ര റിപ്പോർട്ട് സമ‌ർപ്പിക്കാനാകൂ.

വരുന്ന ഡിസംബർ പതിനഞ്ചിനുള്ളിൽ പദ്ധതി റിപ്പോർട്ട് സമർപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ കേരളകൗമുദിയോട് പറഞ്ഞു. 450 മീറ്റർ നീളത്തിലുള്ള മേൽപ്പാലത്തിന് ആകെ പത്ത് തൂണുകളാണ് നിർമ്മിക്കേണ്ടി വരുന്നത്. ഇതിനായി 17 സ്ഥലങ്ങളിലെ മണ്ണു പരിശോധന പൂർത്തിയാക്കി.

ഓരോ തൂണും തമ്മിൽ 30 മീറ്റർ ദൂരമുണ്ടായിരിക്കും. മേൽപ്പാലത്തിന്‌ 18 മീറ്റർ വീതിയാണ് കണക്കാക്കിയിരിക്കുന്നത്. വെഞ്ഞാറമൂട് മുസ്ലിം പള്ളിക്ക് സമീപത്ത് നിന്നും ആരംഭിക്കുന്ന മേൽപ്പാലം ശ്രീ പത്മം ഓഡിറ്റോറിയത്തിന് സമീപം അവസാനിക്കും. നിലവിലെ റോഡിൽ സർവീസ് റോഡിനായി രണ്ടു വശങ്ങളിലും മൂന്നര മീറ്റർ റോഡ് കഴിഞ്ഞുള്ള വീതിയിലാണ് പാലം നിർമ്മിക്കുന്നത്. റോഡ് നിർമ്മാണത്തിന് തത്കാലം സ്ഥലം ഏറ്റെടുക്കേണ്ടതിന്റെ ആവശ്യം വരുന്നില്ലെന്നും അധികൃതർ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് പാലം ഡിസൈൻ വിഭാഗമാണ് രൂപരേഖ തയ്യാറാക്കിയത്. പ്രാഥമികമായി 36 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. മേൽപ്പാല നിർമ്മാണം യാഥാർത്ഥ്യമായാൽ വെഞ്ഞാറമൂട്ടിലെ ഗതാഗതകുരുക്കിന് പരിഹാരം ഉണ്ടാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. വാമനപുരം എം.എൽ.എ ഡി.കെ. മുരളിയാണ് പദ്ധതിക്ക് മുൻകൈ എടുത്തത്.