തിരുവനന്തപുരം: വീട്ടിൽ നിർമിച്ച വൈൻ ഫേസ്ബുക്കിലൂടെ വിൽപന നടത്താൻ ശ്രമിച്ചതിന് എക്സൈസ് അറസ്റ്റ് ചെയ്‌ത തൈക്കാട് ലെനിൻ നഗർ വിശാഖത്തിൽ മൈക്കിൾ ഗിൽഫ്രഡിനെ കോടതി റിമാൻഡ് ചെയ്‌തു. ചൊവ്വാഴ്ച ഇയാളുടെ വീട്ടിൽ നിന്നും 70 ലിറ്റർ വൈൻ കണ്ടെത്തിയിരുന്നു. വൈൻ വിൽപനയ്ക്കുണ്ടെന്ന് ഫേസ്ബുക്കിൽ പരസ്യം നൽകിയ മകൾ ലിൻഡ ഗിൽഫ്രഡ് ഒളിവിലാണ്. എക്‌സൈസ് ഓഫീസിൽ ഹാജരാകാൻ ഇവർക്ക് നോട്ടീസ് നൽകി.
വൈൻ നിർമിച്ചതും വീട്ടിൽ സൂക്ഷിച്ചതും താനാണെന്ന് ഗിൽഫ്രഡ് മൊഴി നൽകിയിട്ടുണ്ട്. ഇയാൾ കുറ്റമേറ്റെടുത്തത് മകളെ രക്ഷിക്കാൻ വേണ്ടിയാണെന്ന് സൂചനയുണ്ട്. മകളെ വിശദമായി ചോദ്യം ചെയ്യുമെന്ന് എക്സൈസ് വ്യക്തമാക്കി. വൈൻ അനധികൃതമായി വിൽപന നടത്താൻ ശ്രമിച്ചുവെന്ന കുറ്റമാണ് ലിൻഡയ്‌ക്കെതിരെ ചുമത്തിയത്. വൈൻ നിർമാണത്തിൽ ഇവർ പങ്കാളിയാണെന്ന് തെളിവ് ലഭിച്ചാൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തും.
മദ്യ ഉപഭോഗവും വിൽപനയും പ്രോത്സാഹിപ്പിക്കുന്ന നിരവധി ഓൺലൈൻ കൂട്ടായ്‌മകളുമായി ഇവർക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജി.എൻ.പി.സി) എന്ന കൂട്ടായ്‌മയ്‌ക്ക് പിന്നിലും ഇവരുണ്ടായിരുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നു. വൈൻ നിർമിച്ച് വിൽക്കാനുള്ള നീക്കം വളരെ നേരത്തെ ഇവർ നടത്തിയിരുന്നതായി സൂചനയുണ്ട്. വീര്യം കൂടാൻ വേണ്ടി ഒരു വർഷമായി വൈൻ നിർമിച്ച് സൂക്ഷിച്ചിരിക്കുകയായിരുന്നു.