toll

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന് കീഴിൽ വിവിധ ജില്ലകളിലായുള്ള 14 പാലങ്ങളുടെ ടോൾ പിരിവ് നിറുത്തലാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 14 വർഷം വരെയായി ടോൾ പിരിക്കുന്ന പാലങ്ങളും ഇതിൽ ഉൾപ്പെടും.

അരൂർ- അരൂക്കുറ്റി (ആലപ്പുഴ), പുളിക്കക്കടവ്-പൂവത്തുംകടവ് (തൃശൂർ), ന്യൂ കൊച്ചിൻ (ചെറുതുരുത്തി), തുരുത്തിപ്പുറം- കോട്ടപ്പുറം, കൃഷ്ണൻകോട്ട, കടലുണ്ടിക്കടവ്, മുറിഞ്ഞപുഴ, മായന്നൂർ, ശ്രീമൂലനഗരം, വെള്ളാപ്പ്, മൂട്ടൂൽ- മടക്കര, നെടുംകല്ല്, മണ്ണൂർക്കടവ് എന്നീ പാലങ്ങളിലെ ടോളാണ് നിറുത്തിയത്. പ്രതിഷേധത്തെത്തുടർന്ന് മണ്ണൂർക്കടവിൽ ടോൾപിരിവ് ആരംഭിക്കാനായിരുന്നില്ല.

രജിസ്‌ട്രേഷൻ ഫീസിൽ ഇളവ്

സേവനത്തിനിടെ മരണമടയുന്ന സൈനികരുടെ ആശ്രിതർക്ക് ഭൂമി രജിസ്‌ട്രേഷന് സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷൻ ഫീസ് എന്നിവയിൽ ഇളവ് അനുവദിക്കാനും തീരുമാനിച്ചു. കോർപറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് പരിധികളിൽ യഥാക്രമം 5,10, 20 സെന്റിൽ അധികരിക്കാതെ വാങ്ങുന്ന ഭൂമിക്കാണ് ഇളവ് ലഭിക്കുക. ഒരാൾക്ക് ഒരുതവണ മാത്രമേ ആനുകൂല്യത്തിന് അർഹതയുണ്ടാവൂ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 106 അദ്ധ്യാപക, അനദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കാനും തീരുമാനമായി.