jacob-thomas

തിരുവനന്തപുരം: സസ്‌പെൻഷനിലായ ഡി.ജി.പി ജേക്കബ് തോമസിനെതിരേ വിജിലൻസ് അന്വേഷണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉത്തരവ്. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്‌ജർ വാങ്ങിയതിൽ ക്രമക്കേട് നടന്നതായി ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതു സംബന്ധിച്ച ഫയൽ വിജിലൻസ് മേധാവി ബി.എസ്. മുഹമ്മദ് യാസിന് കൈമാറി. ജേക്കബ് തോമസിന്റെ രണ്ടാം സസ്പെൻഷൻ ഡിസംബറിൽ അവസാനിക്കാനിരിക്കെയാണ് പുതിയ അന്വേഷണം.

2009 മുതൽ 2014 വരെ ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടർ ആയിരിക്കെ കട്ടർ സക്‌ഷൻ ഡ്രഡ്ജർ വാങ്ങിയതിൽ 14.96 കോടിയുടെ ക്രമക്കേട് നടന്നെന്നാണ് ധനകാര്യ പരിശോധനാവിഭാഗം കണ്ടെത്തിയത്. സർക്കാർ അനുമതിക്കുശേഷം രേഖകളിൽ മാ​റ്റം വരുത്തിയതായും ടെൻഡർ വിവരങ്ങൾ വിദേശ കമ്പനിക്ക് നേരത്തേ കൈമാറിയതായും റിപ്പോർട്ടിലുണ്ട്. 2014ൽ ഇതു സംബന്ധിച്ച് ആരോപണം ഉയർന്നപ്പോൾ കേസെടുക്കാൻ ചീഫ് സെക്രട്ടറിയായിരുന്ന എസ്.എം. വിജയാനന്ദ് ശുപാർശചെയ്തിരുന്നു. ഇതിൽ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായരോട് സർക്കാർ നിയമോപദേശം തേടുകയും വിജിലൻസ് അന്വേഷിച്ച് ക്രമക്കേടില്ലെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. ആ കേസാണ് ഇപ്പോൾ വീണ്ടും കുത്തിപ്പൊക്കിയത്.