തിരുവനന്തപുരം: ഈ വർഷത്തെ തുളസീവന പുരസ്‌കാരത്തിന് പ്രസിദ്ധ കർണാടക സംഗീതജ്ഞയും തിരുവനന്തപുരം ഗവ. വനിതാ കോളേജ് സംഗീത വിഭാഗം മേധാവിയുമായ കെ.ആർ. ശ്യാമയെ തിരഞ്ഞെടുത്തു. 25,252 രൂപയും കീർത്തിഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കേരളത്തിലെ കർണാടക സംഗീതത്തിന്റെ മികവിനും പ്രചാരത്തിനും നൽകിയ സംഭാവനകളെ മുൻനിർത്തിയാണ് പുരസ്‌കാരം നൽകുന്നതെന്ന് വിധികർത്താക്കളായ പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, കെ. ഓമനക്കുട്ടി, ആർ. ഹേമന്തകുമാർ, വൈക്കം വേണുഗോപാൽ എന്നിവർ പറഞ്ഞു. ഡിസംബർ 8ന് വൈകിട്ട് 6ന് തീർത്ഥപാദമണ്ഡപത്തിൽ നടക്കുന്ന തുളസീവന സംഗീത ദിനാഘോഷത്തിന്റെ ഭാഗമായി പുരസ്‌കാരം സമർപ്പിക്കുമെന്ന് സെക്രട്ടറി പി. പത്മകുമാർ അറിയിച്ചു.