തിരുവനന്തപുരം: നെയ്യാറ്റിൻകര ഡിവൈ.എസ്.പിയായിരുന്ന ബി. ഹരികുമാറുമായുണ്ടായ സംഘർഷത്തിനിടെ കാറിനടിയിൽപ്പെട്ട സനൽകുമാറിനെ ആശുപത്രിയിലെത്തിക്കുന്നതിനിടെ പൊലീസ് മദ്യം ദേഹത്തൊഴിച്ചെന്ന ബന്ധുക്കളുടെ ആരോപണം ശരിവയ്ക്കുമാറ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സനൽകുമാറിന്റെ മൃതദേഹത്തിൽ മദ്യത്തിന്റേതിന് സമാനമായ ഗന്ധമുണ്ടായിരുന്നെന്ന നിർണായക പരാമർശമുള്ള റിപ്പോർട്ട് പുറത്തായി.
ശരീരത്തിനുള്ളിൽ ആന്തരികാവയവങ്ങൾക്ക് പുറത്തുള്ള ഭാഗത്ത് മദ്യത്തിന് സമാനമായ ഗന്ധമുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. എന്നാൽ ആമാശയത്തിൽ മദ്യത്തിന്റെ അംശമില്ല. ഉള്ളിൽ മദ്യം ചെന്നിരുന്നോയെന്നും ഉണ്ടെങ്കിൽ എത്ര അളവിലുണ്ടായിരുന്നുവെന്നും രക്തത്തിന്റെയും ആന്തരാവയവങ്ങളുടെയും രാസപരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ- പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പരിക്കേറ്റ സനലിനെ പൊലീസ് നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. തലയ്ക്കേറ്റ ഗുരുതരമായ ക്ഷതങ്ങളാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. തലയ്ക്ക് പിന്നിലും ഇരുവശത്തും നെഞ്ചിലും വയറിലും മുറിവുകളുണ്ട്. തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയിട്ടുണ്ട്. കേസിൽ പ്രതിയായ ഡി.വൈ.എസ്.പി ബി. ഹരികുമാർ പിന്നീട് ആത്മഹത്യ ചെയ്തു.
കാറിനടിയിൽപ്പെട്ട സനൽകുമാറിനെ ആശുപത്രിയിലെത്തിക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്‌ചയുണ്ടായെന്ന് കണ്ടെത്തിയിരുന്നു. വിവരമറിഞ്ഞെത്തിയിട്ടും അരമണിക്കൂറിലേറെ കഴിഞ്ഞാണ് സനലിനെ ആംബുലൻസിലേക്ക് മാറ്റിയത്. അതീവ ഗുരുതരാവസ്ഥയിൽ രക്തം വാർന്നു കിടന്ന സനലിനെ മെഡിക്കൽ കോളേജിലെത്തിക്കാതെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലാണ് കൊണ്ടുപോയത്. പൊലീസുകാരന്റെ ഡ്യൂട്ടിസമയം അവസാനിച്ചപ്പോൾ ഡ്യൂട്ടിമാറാനായി സനലുമായി ഒന്നര കിലോമീറ്ററിലേറെ കറങ്ങി നെയ്യാറ്റിൻകര സ്റ്റേഷനിലെത്തിയെന്നും കണ്ടെത്തിയിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയ ആളെ താൻ പിടികൂടിയെന്നും ഉടൻ കൊടങ്ങാനൂർ ജംഗ്ഷനിലെത്തണമെന്നുമാണ് ഡിവൈ.എസ്.പി നെയ്യാറ്റിൻകര എസ്.ഐയോട് ഫോണിൽ ആവശ്യപ്പെട്ടിരുന്നത്.