price-hike

തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ മിനിമം കമ്മിഷൻ 16,000 ൽ നിന്നും 18,000 ആയി ഉയർത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വ്യാപാരികൾക്ക് നൽകുന്ന അധികതുക അന്ത്യോദയ കാർഡ് ഉടമകൾ ഒഴികെയുള്ളവരിൽ നിന്നും ഈടാക്കും. അതിനാൽ റേഷൻ അരിയ്ക്കും ഗോതമ്പിനും ഓരോ രൂപയുടെ വർദ്ധന ഉണ്ടാകും. ഗജ ചുഴലിക്കാറ്റ് ദുരന്തം വിതച്ച തമിഴ്‌നാടിനെ സഹായിക്കുന്നതിന് 10 കോടി രൂപ നൽകും.

പ്രളയകാലത്ത് രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾക്കുണ്ടായ നഷ്ടത്തിന് പരിഹാരമായി 3.25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിക്കും.

കേരള മിനറൽസ് ആൻഡ് മെറ്റൽസിലെ ഇന്ധന സംവിധാനം എൽ.പി.ജിയിൽ നിന്ന് എൽ.എൻ.ജിയലേക്ക് മാറ്റുന്നതിനുളള പദ്ധതിച്ചെലവ് 6.15 കോടി രൂപയിൽ നിന്ന് 10.01 കോടി രൂപയായി ഉയർത്തും. പട്ടികവർഗ വികസന വകുപ്പിന് കീഴിലുളള നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 3 അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കും.