inter-university-athletic

മാംഗ്ളൂർ : ഡബിദ്രി ആൽവസ് കോളേജ് ഗ്രൗണ്ടിൽ സമാപിച്ച 79-ാമത് ഇന്റർ യൂണിവേഴ്സിറ്റി അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഒാവറാൾ റണ്ണർ അപ്പുകളായി. പുരുഷ-വനിതാ വിഭാഗങ്ങളിൽ എം.ജി തന്നെയാണ് രണ്ടാംസ്ഥാനക്കാർ.

നാല് സ്വർണവും ഏഴ് വെള്ളിയും സ്വന്തമാക്കിയാണ് എം.ജി ആതിഥേയരായ മാംഗ്ളൂർ യൂണിവേഴ്സിറ്റിക്ക് തൊട്ടുപിന്നിലെത്തി റണ്ണേഴ്സ് അപ്പ് കിരീടം ഏറ്റുവാങ്ങിയത്. വനിതകളുടെ 400 മീറ്റർ, 100 മീറ്റർ, 4 x 100 മീറ്റർ റിലേ എന്നിവയിലും പുരുഷൻമാരുടെ 200 മീറ്ററിലും എം.ജി യൂണിവേഴ്സിറ്റി സ്വർണം നേടി. വനിതകളുടെ റിലേയിൽ റെക്കാഡോടെയായിരുന്നു സ്വർണം.

കേരള യൂണിവേഴ്സിറ്റി രണ്ട് സ്വർണവും ഒാരോ വെള്ളിയും വെങ്കലവുമാണ് നേടിയത്. പുരുഷൻമാരുടെ 1500 മീറ്ററിൽ അഭിനന്ദ് സുന്ദരേശൻ റെക്കാഡോടെ സ്വർണം നേടി. 5000 മീറ്ററിൽ വെള്ളിയും അഭിനന്ദ് നേടിയിരുന്നു. 110 മീറ്ററിൽ മുഹമ്മദ് ഫായിസാണ് സ്വർണം നേടിയത്. ലോംഗ് ജമ്പിൽ നിർമ്മൽ സാബു വെങ്കലം കരസ്ഥമാക്കി.

ഇന്നലെ നടന്ന പുരുഷന്മാരുടെ ലോംഗ് ജമ്പിൽ യൂണിവേഴ്സിറ്റി റെക്കാഡോടെ കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ മുഹമ്മദ് അനീസ് സ്വർണം നേടി. കൊല്ലം നിലമേൽ സ്വദേശിയാണ് അനീസ്.