നെയ്യാറ്റിൻകര: നൂറ്റാണ്ടിലെ വലിയ പ്രളയദുരിതം കണ്ട നാടിന്റെ വേദനയോടു ഐക്യദാർഢ്യപ്പെടുന്ന വിഷയങ്ങളായിരുന്നു കലോത്സവത്തിലെ മിക്ക മത്സരയിനങ്ങൾക്കും പ്രതിപാദ്യമായത്. നാടകത്തിലും മോണോ ആക്ടിലും മിമിക്രിയിലുമെല്ലാം പ്രളയം കടന്നുവന്നു. ഇതിനിടെ ജില്ലാ കലോത്സവ വേദിയിൽ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനവുമായി പ്രളയദുരിതത്തിന്റെ കെടുതി അനുഭവിക്കേണ്ടിവന്ന ഒരു അമ്മയുമെത്തി. ആഗസ്‌റ്റിലെ മഹാപ്രളയത്തിൽ മുങ്ങി നിലംപൊത്തിയ വീട്ടിൽനിന്ന് രക്ഷപ്പെട്ട് ബന്ധുവീട്ടിൽ കഴിയുന്ന വഴുതൂർ തോട്ടത്തു വീട്ടിലെ ലീലയാണ് വിദ്യാർത്ഥികൾക്ക് പിന്തുണയുമായി എത്തിയത്. ജില്ലാ സ്‌കൂൾ കലോത്സവം നെയ്യാറ്റിൻകരയിലാണെന്ന് അറിഞ്ഞതുമുതൽ അമ്മ കലോത്സവം കാണാൻ ഒരുങ്ങിയിരുന്നു. ഇന്നലെ വൈകിട്ട് മൂന്നാം വേദിയിലെത്തിയ ലീല പ്രളയക്കെടുതികളുടെ നടുക്കുന്ന ഓർമകൾ ഒരു നിമിഷം മറഞ്ഞ് കുട്ടികളുടെ ഒപ്പനപ്പാട്ടിൽ ലയിച്ചു
നെയ്യാർ കരകവിഞ്ഞ് വഴുതൂർ മുങ്ങിയപ്പോൾ ലീലയുടെ സമ്പാദ്യമായ അഞ്ചു സെന്റും വീടും പൂർണമായും നശിച്ചിരുന്നു. ജീവൻ മാത്രമാണ് ബാക്കി കിട്ടിയത്. തീപ്പെട്ടിക്കമ്പനിയിൽ പതിറ്റാണ്ടുകളോളം ജോലി ചെയ്‌താണ് സ്ഥലവും വീടും ഈ അമ്മ സ്വന്തമാക്കിയത്. മകളെ വിവാഹം ചെയ്‌ത് അയച്ചശേഷം ഈ വീട്ടിൽ ഒറ്റയ്‌ക്ക് കഴിഞ്ഞു വരികയായിരുന്നു. മകൾ ലതയുടെ ഭർത്താവ് വിജയൻ ഗുജറാത്ത് ഭൂകമ്പത്തിൽ പരിക്കേറ്റ് ദീർഘനാൾ ചികിത്സയിൽ കഴിയവേ കാൻസർ ബാധിച്ച് മരിച്ചു. അതോടെ നിർദ്ധനകുടുംബം കൂടുതൽ കഷ്ടത്തിലായി. 10000 രൂപ സഹായമായി സർക്കാരിൽ നിന്ന് ലഭിച്ചു. വീട് പൂർണമായും തകർന്നതിനാൽ പുതിയ വീട് ലഭ്യമാക്കാനുള്ള നടപടികൾ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ പൂർത്തിയായിവരികയാണ്. കടയിൽനിന്ന് സാധനം പൊതിഞ്ഞുകിട്ടിയ പത്രക്കടലാസിൽ നിന്നാണ് പ്രളയംകാരണം ചെലവുചുരുക്കി നടത്തുന്ന സ്‌കൂൾ മേളകളെക്കുറിച്ച് അമ്മ അറിയുന്നത്. പാവപ്പെട്ടവരെ സഹായിക്കാൻ കുട്ടികൾക്ക് ഇക്കുറി ട്രോഫി പോലും ഇല്ലെന്നറിഞ്ഞപ്പോൾ ഈ അമ്മയ്ക്ക് സങ്കടം. കലോത്സവത്തിനെത്തിയ കുട്ടികളെ പരിചയപ്പെട്ട് വിജയാശംസ നേർന്നാണ് ലീല മടങ്ങിയത്.