റയൽ മാഡ്രിഡ് റോമയെ കീഴടക്കി
ഗ്രൂപ്പിൽ ഒന്നാമത്
യുവന്റസും ബയേണും വിജയിച്ച്,
ഒന്നാമത് സമനിലയിലും
മാഞ്ചസ്റ്റർ സിറ്റി ഒന്നാമത്
ടൂറിൻ : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ കഴിഞ്ഞദിവസം നടന്ന മത്സരങ്ങളിൽ വിജയിച്ച വമ്പൻ ക്ളബുകളായ യുവന്റസ്, റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക് തുടങ്ങിയവർ ഗ്രൂപ്പ് റൗണ്ട് പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്തെത്തി. ഫ്രഞ്ച് ക്ളബ് ഒളിമ്പിക് ലിയോണുമായി 2-2ന് സമനിലയിൽ പിരിഞ്ഞെങ്കിലും ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ സിറ്റി ഗ്രൂപ്പ് എഫിൽ ഒന്നാംസ്ഥാനത്ത് തുടരുകയാണ്.
നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് ഇന്നലെ ഇറ്റാലിയൻ ക്ളബ് എ.എസ്. റോമയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കീഴടക്കിയത്. ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം ഗാരേത്ത് ബാലെയും 59-ാം മിനിട്ടിൽ ലൂക്കാസ് വസ്‌കേസുമാണ് റയലിനുവേണ്ടി സ്കോർ ചെയ്തത്. ഗ്രൂപ്പ് ജിയിൽ അഞ്ചുകളികളിൽ നാലും ജയിച്ച റയൽ 12 പോയിന്റുമായാണ് ഒന്നാമതുള്ളത്. ഒൻപത് പോയിന്റുള്ള റോമയാണ് രണ്ടാംസ്ഥാനത്ത്.
റയലിൽനിന്ന് കൂടുമാറിയെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കൂട്ടിയിറങ്ങിയ ഇറ്റാലിയൻ ക്ളബ് യുവന്റസ് ഗ്രൂപ്പ് എച്ചിൽ സ്പാനിഷ് ക്ളബ് വലൻസിയയെയാണ് കീഴടക്കിയത്. 59-ാം മിനിട്ടിൽ മരിയോ മൻസൂക്കിച്ച് നേടിയ ഏക ഗോളിനായിരുന്നു യുവയുടെ വിജയം. യുവയുടെ അഞ്ച് മത്സരങ്ങളിലെ നാലാം വിജയമാണിത്. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ യംഗ് ബോയ്‌സിനെ 1-0 ത്തിന് തോൽപ്പിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് 10 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാംസ്ഥാനത്തുണ്ട്. അവസാന മിനിട്ടിൽ മൗറാനേ ഫെല്ലെയ്‌നിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയഗോൾ നേടിയത്.
സ്പാനിഷ് ക്ളബ് ബെൻഫിക്കയെ 5-1ന് കീഴടക്കിയ ബയേൺ മ്യൂണിക്ക് അഞ്ച് മത്സരങ്ങളിൽ 13 പോയിന്റുമായാണ് ഗ്രൂപ്പ് ഇയിലെ ഒന്നാമൻമാരായി നോക്കൗട്ടിലേക്ക് കടന്നത്. ബയേണിന് വേണ്ടി ആര്യൻ റോബനും റോബർട്ടോ ലെവാൻ ഡോവ്‌സ്‌കിയും ഇരട്ട ഗോളുകൾ നേടി ഫ്രാങ്ക് റിബറി ഒരു ഗോളടിച്ചു.
ഒളിമ്പിക് ലിയോണുമായി 2-2ന് സമനിലയിൽ പിരിഞ്ഞ ഇംഗ്ളീഷ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി 10 പോയിന്റുമായാണ് ഗ്രൂപ്പ് എഫിൽ ഒന്നാമതുള്ളത്.
100
വലൻസിയയ്ക്കെതിരായ വിജയത്തോടെ യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 100 ചാമ്പ്യൻസ് ലീഗ് വിജയങ്ങളിൽ പങ്കാളിയാകുന്ന ആദ്യ താരമായി.
മത്സരഫലങ്ങൾ
ബയേൺ മ്യൂണിക് 5-ബെൻഫിക്ക 1
ഷാക്‌തർ 3-ഹോഫൻഹേം 2
യുവന്റസ് 1-വലൻസിയ 0
മാഞ്ചസ്റ്റർ യുണൈറ്റഡ് 1-യംഗ് ബോയ്സ് 0
ഒളിമ്പിക് ലിയോൺ 2-മാഞ്ചസ്റ്റർ സിറ്റി 2
റയൽ മാഡ്രിഡ് 2-എ.എസ്. റോമ 0