pc
pc

തിരുവനന്തപുരം: ബി.ജെ.പിയുമായി സഹകരിച്ച് നീങ്ങാനുള്ള ജനപക്ഷം നേതാവും പൂഞ്ഞാറിൽ നിന്നുള്ള സ്വതന്ത്ര എം.എൽ.എയുമായ പി.സി. ജോർജിന്റെ തീരുമാനത്തിന് പിന്നാലെ, ഇന്നലെ നിയമസഭയിൽ ബി.ജെ.പി അംഗം ഒ. രാജഗോപാലും പി.സി. ജോർജും കറുപ്പുടുത്ത് അയ്യപ്പഭക്തരുടെ വേഷത്തിലെത്തി.

നിയമസഭയിൽ ഇനി താനും രാജഗോപാലും ഒറ്റ ബ്ലോക്കായി പ്രവർത്തിക്കുമെന്ന് പി.സി. ജോർജ് അറിയിച്ചു. ബി.ജെ.പി പിന്തുണയോടെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ മകൻ ഷോൺ ജോർജിനെ മത്സരിപ്പിക്കാൻ ജോർജ് നീക്കം നടത്തുന്നുവെന്ന അഭ്യൂഹത്തെ ബലപ്പെടുത്തിക്കൊണ്ട്, പത്തനംതിട്ടയും കോട്ടയവുമുൾപ്പെടെ അഞ്ച് സീറ്റുകളിൽ ജനപക്ഷം മത്സരിക്കുമെന്നും ജോർജ് വ്യക്തമാക്കി. പിന്തുണയ്ക്കുന്ന പാർട്ടിയെയും മുന്നണിയെയും മറ്റ് 15 സീറ്റുകളിൽ തിരിച്ച് പിന്തുണയ്ക്കുമെന്നും ജോർജ് പറഞ്ഞു.

ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിനോടുള്ള പ്രതിഷേധസൂചകമായാണ് ജോർജ് കറുത്ത ഷർട്ടും കറുപ്പ് ഷാളും ധരിച്ചും ഒ. രാജഗോപാൽ കറുത്ത ജുബ്ബ ധരിച്ചും സഭയിലെത്തിയത്. എന്നാൽ ഇവരെ ഞെട്ടിച്ച് ചില കേരള കോൺഗ്രസ്- മാണി അംഗങ്ങളും കറുത്ത ഷർട്ടണിഞ്ഞ് എത്തിയത് നിയമസഭയിൽ ഇന്നലെ കൗതുകമുണർത്തി. ശബരിമലസമരത്തിന്റെ സിംബലായി കറുത്ത ഷർട്ട് മാറുമെന്നറിയാതെ ഭരണപക്ഷത്തെ ടി.വി. രാജേഷും എം. മുകേഷും ഇന്നലെ കറുത്ത ഷർട്ട് ധരിച്ചാണെത്തിയത്.

ജനപക്ഷം മതേതര ജനാധിപത്യ പാർട്ടിയായി തുടരുമെന്നാണ് ജോർജിന്റെ പ്രഖ്യാപനം. അതേസമയം, മതാചാരങ്ങളെ ലംഘിക്കുന്ന എൽ.ഡി.എഫിനെതിരെ ശക്തമായി നിലകൊള്ളും. മതാചാര സംരക്ഷണക്കാര്യത്തിൽ യു.ഡി.എഫിന്റേത് ആത്മാർത്ഥനിലപാടല്ലെന്ന് അവർക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ സൂചിപ്പിക്കുന്നു. ഈ സ്ഥിതിക്ക് അവരുടെ പ്രവർത്തനം വിലയിരുത്തും. ബി.ജെ.പി കൂട്ടുകൂടാൻ പാടില്ലാത്ത പാർട്ടിയാണെന്ന അഭിപ്രായമില്ല. ഇന്ത്യ ഭരിക്കുന്ന പാർട്ടിയായത് അവർ മോശക്കാരായത് കൊണ്ടാവില്ലല്ലോ എന്നും ജോർജ് പറഞ്ഞു.

ക്രൈസ്തവ വിഭാഗത്തിൽ നിന്ന് ഇനിയും കൂടുതൽ പേർ ബി.ജെ.പി ചേരിയിലെത്തുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള പ്രതികരിച്ചു.