തുമ്പ : കഴിഞ്ഞവാരം കരുത്തരായ ബംഗാളിനെ കൊൽക്കത്ത ഇൗഡൻ ഗാർഡൻസിൽ മുട്ടുകുത്തിച്ച കേരളം ഇന്നലെ മദ്ധ്യപ്രദേശിനെതിരായ രഞ്ജിട്രോഫി മത്സരത്തിന്റെ ആദ്യദിനം വെറും 63 റൺസിന് ആൾ ഒൗട്ടായി നാണം കെട്ടു.ആദ്യദിവസം തന്നെ മറുപടിക്കിറങ്ങിയ മദ്ധ്യപ്രദേശ് 161/2 എന്ന സ്കോറിലെത്തി. 98 റൺസിന്റെ ലീഡും സ്വന്തമാക്കി.
തുമ്പയിൽ ടോസ് നേടിയിറങ്ങിയ കേരളത്തെ നാലുവിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുൽദീവ് സെന്നും രണ്ട് വിക്കറ്റ് വീഴ്ത്തിയ മിഹിർ ഹിർവാനിയും ചേർന്നാണ് തകർത്തത്.
തീർത്തും അപ്രതീക്ഷിതമായിരുന്നു കേരളത്തിന്റെ തകർച്ച. സ്വന്തം നാട്ടുകാർക്കെതിരെ ബാറ്റുമായിറങ്ങിയ ജലജ് സക്‌സേന (2) മൂന്നാം ഒാവറിൽ കൂടാരം കയറി. തുടർന്നങ്ങോട്ട് വിക്കറ്റ് മഴയായിരുന്നു. 27 റൺസെടുക്കുന്നതിനിടയിൽ ആറ് പേരാണ് കൂടാരം കയറിയത്. ആറാം വിക്കറ്റിൽ വിഷ്ണു വിനോദും (16) അക്ഷയ് ചന്ദ്രനും (16 നോട്ടൗട്ട്) അൽപ്പമെങ്കിലും പിടിച്ചുനിന്നില്ലായിരുന്നുവെങ്കിൽ 5 ന് മുമ്പ് ആൾ ഒൗട്ടായേനെ, ഇരുവരെയും കൂടാതെ വി.എ. ജഗദീഷ് മാത്രമാണ് രണ്ടക്കം കടന്നത്. വെറും 35 ഒാവറിലാണ് മദ്ധ്യപ്രദേശ് കേരളത്തെ എറിഞ്ഞിട്ടത്.
മറുപടിക്കിറങ്ങിയ മദ്ധ്യപ്രദേശിന് ആര്യമാൻവിക്രം ബിർല (25), മോനിഷ് മിശ്ര (1) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 70 റൺസുമായി രജത് പട്ടീഭാറും 53 റൺസുമായി നമാൻ ഒാജയുമാണ് ക്രീസിൽ.
കേരള വിക്കറ്റ് വീഴ്ച ഇങ്ങനെ
1-7 (ജലജ് സക്‌സേന 2)
2-7 (രോഹൻ പ്രേം , 0)
3-10 (അരുൺ കാർത്തിക്, 6)
4-14 (സഞ്ജു സാംസൺ, 2)
5-26 (വി.എ. ജഗദീഷ് , 10)
6-27 (സച്ചിൻ ബേബി, 7)
7-51 (വിഷ്ണു വിനോദ്, 16)
8-59 (ബേസിൽ തമ്പി, 4)
9-63 (അക്ഷയ് കെ.സി, 0)
10-63 (സന്ദീപ് വര്യർ, 0)