തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനത്തോടനുബന്ധിച്ച് 106 അദ്ധ്യാപക, അനദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പുതുതായി ആരംഭിച്ച എമർജൻസി മെഡിസിൻ വിഭാഗത്തിലാണ് തസ്തികകൾ സൃഷ്ടിച്ചതെങ്കിലും ഇവരെ ആദ്യഘട്ടത്തിൽ മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ വിദഗ്ദ്ധ ചികിത്സയ്ക്കായിരിക്കും നിയമിക്കുക. സർക്കാർ മേഖലയിലെ തന്നെ ആദ്യത്തെ മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവർത്തനം സുഗമമായി നടക്കുന്നതിനും മികച്ച സൗകര്യം ലഭ്യമാക്കുന്നതിനും വേണ്ടിയാണ് അടിയന്തരമായി ഇത്രയും തസ്തികകൾ സൃഷ്ടിച്ചതെന്നും മന്ത്രി പറഞ്ഞു.
പ്രൊഫസർ (എമർജൻസി മെഡിസിൻ ) -1, അസോ. പ്രൊഫസർ (എമർജൻസി മെഡിസിൻ ) -2, അസോ. പ്രൊഫസർ (അനസ്‌തേഷ്യോളജി) -1, അസോസിയേറ്റ് പ്രൊഫസർ (റേഡിയോ ഡയഗ്നോസിസ്)- 1, അസി. പ്രൊഫസർ (എമർജൻസി മെഡിസിൻ)- 10, അസി. പ്രൊഫസർ (അനസ്‌തേഷ്യോളജി) -5, അസി. പ്രൊഫസർ (റേഡിയോ ഡയഗ്നോസിസ്) -3, സീനിയർ റെസിഡന്റ് (എമർജൻസി മെഡിസിൻ)- 5, സീനിയർ റസിഡന്റ് (അനസ്‌തേഷ്യോളജി)- 5, സീനിയർ റസിഡന്റ് (റേഡിയോ ഡയഗ്നോസിസ്) -3, ജൂനിയർ റസിഡന്റ് -5 എന്നിങ്ങനെ 41 അദ്ധ്യാപക തസ്തികകളാണ് സൃഷ്ടിച്ചത്.
ഹെഡ് നഴ്‌സ് -1, സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 -10, സ്റ്റാഫ് നഴ്‌സ് ഗ്രേഡ്-2 (സ്‌പെഷ്യാലിറ്റി സഹിതം) -10, നഴ്‌സിംഗ് അസിസ്റ്റന്റ് -20, ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് 1 -10, ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് 2 - 10, ജൂനിയർ ലാബ് അസിസ്റ്റന്റ് -1, ലാബ് ടെക്‌നിഷ്യൻ ഗ്രേഡ് 2 - 1, ഫാർമസിസ്റ്റ് ഗ്രേഡ് 2 - 1, തിയേറ്റർ ടെക്‌നിഷ്യൻ ഗ്രേഡ് 2 - 1 എന്നിങ്ങനെയാണ് 65 അനദ്ധ്യാപക തസ്തികകൾ സൃഷ്ടിച്ചത്.