jeena-ps-basketball
jeena ps basketball

മലയാളി ബാസ്കറ്റ് ബാൾ താരം ജീന പി.എസിന്

ആസ്ട്രേലിയൻ ലീഗിൽ

കളിക്കാൻ ക്ഷണം

തിരുവനന്തപുരം : ഗീതു അന്ന ജോസിന് ശേഷം വിഖ്യാതമായ ആസ്ട്രേലിയൻ ''ബിഗ്‌വി" ബാസ്കറ്റ് ബാൾ ലീഗിൽ കളിക്കാൻ ഒരു ഇന്ത്യൻ വനിതാ താരത്തെത്തേടി അവസരമെത്തിയിരിക്കുന്നു. വയനാട് പടിഞ്ഞാറേത്തക്കൊരിയും ഇന്ത്യൻ ബാസ്കറ്റ് ബാൾ ടീമിന്റെയും കെ.എസ്.ഇ.ബിയുടെയും നായികയുമായ ജീന പി.എസിനെത്തേടി.

2006 മുതൽ 2008 വരെ ഗീതു കളിച്ച മെൽബണിലെ റിംഗ്‌വുഡ് ഹാക്ക്സ് എന്ന ക്ളബാണ് ജീനയെയും ക്ഷണിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം കേരള ബാസ്കറ്റ് ബാൾ താരങ്ങളുടെ കൂട്ടായ്മയായ ടീം റീബൗണ്ട് ഇൗ ക്ളബുമായി ചേർന്ന് ഹൂപ്പത്തോൺ സംഘടിപ്പിച്ചിരുന്നു. ഇതിൽ ജീനയുടെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ടാണ് അവർ ആസ്ട്രേലിയയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

ഗീതുവാണ് ആദ്യമായി ആസ്ട്രേലിയൻ ബാസ്കറ്റ്ബാൾ ലീഗിൽ കളിച്ച ഇന്ത്യൻ വനിതാതാരം. വിക്ടോറിയ സ്റ്റേറ്റ് ബാസ്കറ്റ്ബാൾ ലീഗിൽ റിംഗ് ‌വുഡ് ഹാക്ക്സിനുവേണ്ടി ആദ്യ സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ചതോടെ അടുത്ത സീസണിലും അവർ ഗീതുവിനെ നിലനിറുത്തുകയായിരുന്നു. എട്ടുമാസത്തെ സീസണിനുവേണ്ടിയാണ് ജീനയെ ക്ളബ് ക്ഷണിച്ചിരിക്കുന്നത്. ഇതിൽ പരിശീലന കാലഘട്ടവും മത്സര കാലഘട്ടവുമുണ്ടാകും.

വയനാട് പടിഞ്ഞാറേത്തറയിൽ ജോഫിന്റെയും ലിസിയുടെയും മകളായ ജീന കണ്ണൂർ സ്പോർട്സ് ഡിവിഷനിലൂടെയാണ് ബാസ്കറ്റ് ബാൾ രംഗത്ത് ചുവടുറപ്പിക്കുന്നത്. 2011, 2012 വർഷങ്ങളിൽ കേരളത്തെ ജൂനിയർ നാഷണൽ കിരീടം ചൂടാൻ സഹായിച്ച ജീന പതിയെ പടവുകൾ ഒാരോന്നായി കയറുകയായിരുന്നു. 16-ാം വയസിൽ ഇന്ത്യൻ ക്യാമ്പിലെത്തിയ ജീന രാജ്യത്തിന് വേണ്ടി ആദ്യമായി കുപ്പായമണിഞ്ഞത് 2009 ൽ പൂനെയിൽ നടന്ന ഏഷ്യൻ യൂത്ത് ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിലാണ്. തുടർന്ന് വിവിധ പ്രായവിഭാഗങ്ങളിൽ ഇന്ത്യൻ ടീമിന്റെ അവിഭാജ്യഘടകമായി മാറി. ഇക്കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിന്റെ മുന്നണിപ്പോരാളിയാവുകയും ചെയ്തു.

ആസ്ട്രേലിയയിലേക്ക് പോകാൻ സംസ്ഥാന സർക്കാരിന്റെ അനുമതി കാത്തിരിക്കുകയാണ് ജീന. കെ.എസ്.ഇ.ബി ജീവനക്കാരിയായ ജീനയ്ക്ക് വിദേശ ക്ളബിനുവേണ്ടികളിക്കാൻ പോകാൻ സർക്കാർ പ്രത്യേക അനുമതി നൽകേണ്ടതുണ്ട്.

''ജീവിതത്തിൽ ലഭിച്ച അപൂർവ്വ ഭാഗ്യമാണിത്. ആസ്ട്രേലിയൻ ലീഗിൽ കളിക്കാൻ സർക്കാർ അനുമതി നൽകുമെന്ന ശുഭപ്രതീക്ഷയിലാണ്. കായിക മന്ത്രിയുമായി സംസാരിച്ചിരുന്നു. അദ്ദേഹം എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്തിട്ടുണ്ട്.""

ജീന പി.എസ്.