നെയ്യാറ്റിൻകര: ഡിവൈ.എസ്.പിയായിരുന്ന ഹരികുമാറുമായുണ്ടായ സംഘർഷത്തിനിടെ കാറിനടിയിൽപ്പെട്ടു മരിച്ച കൊടങ്ങാവിള സ്വദേശി സനൽകുമാറിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ദേഹത്ത് മദ്യത്തിന് സമാനമായ ഗന്ധമുണ്ടായിരുന്നു എന്ന് കണ്ടെത്തിയ സംഭവത്തെ കുറിച്ച് അന്വേഷണം വേണമെന്ന് സനലിന്റെ ഭാര്യ വിജിയും ബന്ധുക്കളും ആവശ്യപ്പെട്ടു. സംഭവ ദിവസം ഗുരുതരമായി പരിക്കേറ്റ സനലിനെ നേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും ആംബുലൻസിൽ കയറ്റിയ സനലിനെ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി.
സനൽ മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തിയതോടെ നിർബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചതായി നെയ്യാറ്റിൻകര സ്റ്റേഷനിലെ ഒരു പൊലീസുകാരൻതന്നെ ബന്ധുക്കൾക്ക് വിവരം നൽകിയിരുന്നു. ഇക്കാര്യം സനൽ മരിച്ച അന്നു തന്നെ പുറത്ത് പ്രചരിച്ചിരുന്നു. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ വിശദവിവരം പുറത്തു വന്നതോടെ സംശയം ഇരട്ടിച്ചു. അപകട സ്ഥലത്തു നിന്നും ആംബുലൻസിൽ കയറ്റിയ സനലിലെ ഒന്നര കിലോമീറ്ററോളം കറക്കിയ ശേഷമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.