sabarimala-

ശബരിമല: ദേവസ്വം ബോർഡ് പ്രസിഡന്റിനെ മറികടന്ന് കമ്മിഷണറെടുക്കുന്ന ചില തീരുമാനങ്ങൾക്കെതിരെ മുറുമുറുപ്പ് ശക്തം. ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് അയ്യപ്പഭക്തർക്ക് കോടികൾ മുടക്കി തിരിച്ചറിയൽ ടാഗ് നൽകാനുള്ള കമ്മിഷണറുടെ നീക്കം സ‌ർക്കാരിനെയും ബോർഡിനെയും വെട്ടിലാക്കി.

ഇതിന് ഒന്നേകാൽ കോടി രൂപ വേണ്ടിവരുമെന്നാണ് ദേവസ്വം കമ്മിഷണർ അറിയിച്ചത്. ശബരിമലയിൽ പൊലീസ് നിയന്ത്രണങ്ങളെ തുടർന്ന് മുൻ വർഷങ്ങളെക്കാൾ കോടികളുടെ വരുമാനക്കുറവ് നേരിടുകയാണിപ്പോൾ. ദേവസ്വം ബോർഡ് ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെ നൽകുന്നത് പരുങ്ങലിലാകുമെന്ന വാർത്ത പുറത്തുവരുന്നതിനിടെയാണ് പാഴ്ച്ചെലവ് വരുത്തുന്ന കമ്മിഷണറുടെ നീക്കം വിവാദമായത്. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ തങ്ങളുടെ നിലനിൽപ്പുതന്നെ അപകടത്തിലാകുമെന്ന് ജീവനക്കാരും ദേവസ്വം സംഘടനകളും ഭയപ്പെടുന്നു. ബോർഡ് പ്രസിഡന്റ് അറിയാതെയാണ് ദേവസ്വം കമ്മിഷണർ ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് സൂചന. ജീവനക്കാർക്ക് ഇക്കാര്യത്തിൽ പ്രതിഷേധമുണ്ട്.