തിരുവനന്തപുരം: തിന്മകൾ അധികരിച്ച ആധുനിക കാലഘട്ടത്തിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതചര്യ മനുഷ്യ സമൂഹത്തിന്റെ പുനഃസൃഷ്ടിക്ക് ഇന്നിന്റെ ആവശ്യമാണെന്ന് മന്ത്രി കെ.ടി. ജലീൽ അഭിപ്രായപ്പെട്ടു.
കേരള മുസ്ളിം ജമാ അത്ത് കൗൺസിൽ സംഘടിപ്പിച്ച നബിദിനാഘോഷ പരിപാടികളുടെ സമാപന സമ്മേളനം മുസ്ളിം അസോസിയേഷൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മിലാദ് കമ്മിറ്റി ചെയർമാൻ എ.എം. ബദറുദ്ദീൻ മൗലവി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജമാ അത്ത് കൗൺസിൽ സീനിയർ നേതാവ് വിഴിഞ്ഞം ഹനീഫിനെ മന്ത്രി ആദരിച്ചു.
എസ്.എസ്.എൽ.സി, പ്ളസ് ടു വിദ്യാർത്ഥികൾക്കുള്ള അവാർഡുകളും പുരസ്കാരങ്ങളും മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിച്ചു.
കരമന ബയാർ, മുഹമ്മദ് ബഷീർ ബാബു, പി. സെയ്യദലി, കാരയ്ക്കാമണ്ഡപം താജുദ്ദീൻ, കുളപ്പട അബൂബക്കർ, ജെ.എം. മുസ്‌തഫ എന്നിവർ പ്രസംഗിച്ചു.