ajesh

ആലുവ:ആലുവയിൽ രണ്ട് കോടിയുടെ ഹാഷിഷ് ഓയിലുമായി 'കാരിയർ'പിടിയിലായ കേസിൽ മുഖ്യസൂത്രധാരൻ 'കൗസല്യ ടോമി'ക്കായി എക്‌സൈസ് സംഘം ഇടുക്കിയിലേക്ക് തിരിച്ചു. ഹാഷിഷുമായി പിടിയിലായ ഇടുക്കി അയ്യപ്പൻകോവിൽ തൊപ്പിൽപ്പാല മനലേമാക്കൽവീട്ടിൽ അജേഷ് ചന്ദ്രന്റെ (36) ബോസ് 'കൗസല്യ ടോമി', 'അച്ഛായൻ ടോമി' എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇടുക്കി കട്ടപ്പന സ്വദേശി ടോമി അലക്‌സ് (45) ആണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇന്നലെ ഇയാളെ ബന്ധപ്പെടാൻ എക്സൈസ് ശ്രമിച്ചെങ്കിലും നടന്നില്ല.

മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് നാടുവിട്ടിരിക്കുകയാണ്. ഇടുക്കിയിലെ ഒളിത്താവളങ്ങളിലോ കമ്പം - തേനി വഴി തമിഴ്നാട്ടിലേക്കോ കടന്നിരിക്കാമെന്നാണ് നിഗമനം. ബന്ധുക്കളെ കണ്ടെത്തി ഇവർ മുഖേന ഇയാളെ വലയിലാക്കാനാണ് എക്സൈസ് സംഘത്തിന്റെ ശ്രമം.

എട്ട് കിലോ ഹാഷിഷ് ഓയിൽ പിടികൂടിയതിനും 115 കിലോ കഞ്ചാവ് പിടികൂടിയതിനും ഇയാൾക്കെതിരെ കേസുണ്ട്. ഇതിന് പുറമെ കള്ളനോട്ട് കേസിലും കൗസല്യ ടോമി പ്രതിയാണ്. മറ്റ് നിരവധി ക്രിമിനൽ കേസുകളുമുണ്ട്. ഇയാളുടെ എ.ടി.എം കാർഡാണ് കാരിയറായ അജേഷിന്റെ കൈവശമുള്ളത്. എ.ടി.എമ്മിന്റെ രഹസ്യകോഡുകളെല്ലാം അജേഷിനറിയം. ഈ കാർഡ് ഉപയോഗിച്ചാണ് അജേഷ് ആവശ്യത്തിന് പണം പിൻവലിച്ചിരുന്നത്.

ഒരു തവണ ആന്ധ്രയിൽ നിന്ന് ലഹരി വസ്തു എത്തിക്കുന്നതിന് യാത്ര ചെലവിനും താമസ സൗകര്യത്തിനും പുറമേ 25,000 രൂപയാണ് നൽകുന്നത്. പത്ത് വർഷത്തോളമായി ടോമിയുടെ വിശ്വസ്തനായി അജേഷ് കൂടെയുണ്ട്. ആലുവ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് ചൊവ്വാഴ്ച വൈകിട്ടാണ് എക്‌സൈസ് സംഘം അജേഷിനെ പിടികൂടിയത്. ഡെപ്യൂട്ടി കമ്മിഷണർ എ.എസ്. രഞ്ജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആന്ധ്രയിലെ വിജയവാഡയിൽ നിന്ന് ചെന്നൈ, സേലം, പാലക്കാട് വഴി ബസുകളിൽ മാറിക്കയറിയാണ് ആലുവയിലെത്തിയത്. ഇടുക്കിയിലേക്കുള്ള ബസ് കാത്തു നിൽക്കുന്നനിടെയാണ് പിടിവീണത്.

പത്ത് വർഷത്തോളമായി അജേഷ് ലഹരിക്കടത്തിലെ കണ്ണിയാണെങ്കിലും ആദ്യമായാണ് പിടിയിലാകുന്നതെന്ന് എക്‌സൈസ് പറഞ്ഞു. സി.ഐ ടി.എൻ. സുധീർ, ഇൻസ്‌പെക്ടർ എം. ജയകുമാർ, പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് കുമാർ, ടി.ഡി. ജോസ്, എം.പി. ഉമ്മർ, സി.ഇ.ഒമാരായ സി.ടി. സുനീഷ് കുമാർ, എസ്. സിദ്ധാർത്ഥ്, പി.ജി. അനൂപ്, എ.പി. പ്രദീപ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി കാക്കനാട് ജയിലിൽ റിമാൻഡിലാണ്.