തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നിന്നും യു.ഡി.എഫ് ഓടിയൊളിക്കാൻ ശ്രമിക്കുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വിഷയദാരിദ്ര്യം കാരണം പ്രതിപക്ഷം വലയുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.സംഘപരിവാർ നേതാക്കൾ അയ്യപ്പനോട് കളിക്കാൻ നിൽക്കരുത്. അയ്യപ്പനെ സാധാരണ ദൈവമായി കാണുകയും ചെയ്യരുത്. യുവതികളെ പ്രവേശിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ് അയ്യപ്പന്റെ ശക്തിയെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല വിഷയത്തിൽ യു.ഡി.എഫ് അകപ്പെട്ട അപമാനകരമായ അവസ്ഥയിൽ നിന്ന് രക്ഷപ്പെടാനകാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ യു.ഡി.എഫ് കൈകാലിട്ടടിക്കുന്ന സ്ഥിതിയാണ്. ശബരിമല വിഷയത്തെ കുറിച്ച് സർക്കാർ വിശദീകരിച്ചതാണ്. എന്നിട്ടും അതേ വിഷയം തന്നെ പ്രതിപക്ഷം വീണ്ടും ഉന്നയിക്കുകയാണ്. ഈ വിഷയത്തിൽ അടിയന്തരപ്രമേയം വരികയാണെങ്കിൽ നൽകാനുള്ള മറുപടി താൻ തയ്യാറാക്കി വച്ചിരുന്നു. ശബരിമല വിഷയം ചർച്ച ചെയ്യേണ്ടെന്ന നിലപാടാണ് പ്രതിപക്ഷത്തിന്. ചോദ്യോത്തരവേളയിൽ ശബരിമലയുമായി ബന്ധപ്പെട്ട് ചോദ്യം ഉന്നയിക്കാൻ അവസരമുണ്ടായിരുന്നു. എന്നാൽ, ചോദ്യോത്തരവേള നിറുത്തലാക്കി ചർച്ച വേണമെന്ന് ആവശ്യപ്പെട്ടതിലൂടെ പ്രതിപക്ഷം സ്വയം അവസരം കളഞ്ഞുകുളിക്കുകയായിരുന്നു. ശബരിമല വിഷയത്തിൽ കോൺഗ്രസിനേയും യു.ഡി.എഫിനേയും ചെന്നിത്തല കുളത്തിലറിക്കി. വർഗീയതയുടെ കാര്യത്തിൽ ബി.ജെ.പിയെ കടത്തിവെട്ടാൻ ഏതറ്റം വരെയും പോകുമെന്ന് ചെന്നിത്തല തെളിയിച്ചു. ഇക്കാര്യത്തിൽ കോൺഗ്രസിന്റെ സ്വത്വം നഷ്ടപ്പെടുത്തുകയാണ് ചെന്നിത്തല ചെയ്തത്. സഭ നന്നായി നടക്കരുതെന്ന് ആഗ്രഹമുള്ളതിനാലാണ് താൻ പറഞ്ഞാൽ അനുസരിക്കുന്ന ചില കുഞ്ഞാടുകളെ ഇറക്കി ചോദ്യോത്തരേവളയ്ക്ക് മുന്പ് തന്നെ സഭയുടെ നടുത്തളത്തിൽ ഇറക്കി ബഹളം വച്ചത്.
ശബരിമലയിൽ വിഷയത്തിൽ സർക്കാരിന് വീഴ്ചയുണ്ടായെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ല.കോടതി നിയോഗിച്ച നിരീക്ഷക സമിതിയെ സ്വാഗതം ചെയ്യുന്നു. ശബരിമലയിൽ നിരോധനാജ്ഞ തുടരണമെന്ന ഒരാഗ്രഹവും സർക്കാരിനില്ല. അക്രമികളെ ചെറുക്കാനുള്ള മുൻകരുതൽ മാത്രമാണ് നിരോധനാജ്ഞയെന്നും മന്ത്രി പറഞ്ഞു. ശബരിമലയിൽ ഇനി കോൺക്രീറ്റ് നിർമാണങ്ങളും നടത്തേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. ശബരിമല മാസ്‌റ്റർ പ്ളാൻ അനുസരിച്ചേ ഇനി നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കൂ. ശബരിമലയിൽ മുമ്പുണ്ടായ കോൺക്രീറ്റ് കെട്ടിടങ്ങൾ ആര് എങ്ങനെ അനുമതി നൽകിയെന്നും പരിശോധിക്കണം. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ തന്റെ പദവി മനസിലാക്കി പ്രവർത്തിക്കണമെന്ന് ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.