nilakkal

ശബരിമല: ഇപ്പോൾ ശബരിമലയുടെ ബേസ് ക്യാമ്പായി മാറ്റിയിട്ടുള്ള നിലയ്ക്കൽ, ഭാവിയിൽ ടൗൺഷിപ്പായി മാറുമെന്ന് ദേവസ്വം കമ്മിഷണർ എൻ.വാസു പറഞ്ഞു. നിലയ്ക്കലിലെ അടിസ്ഥാന സൗകര്യ വികസനം ശബരിമല മാസ്റ്റർ പ്ളാനിൽ ഉൾപ്പെട്ടിട്ടുള്ളതാണ്.പദ്ധതി നടപ്പാവുന്നതോടെ പമ്പയുടെ തനിമ നിലനിറുത്താൻ കഴിയുമെന്നും അദ്ദേഹം 'കേരളകൗമുദി'യോട് പറഞ്ഞു.

വനംവകുപ്പ് നിലയ്ക്കലിൽ 110 ഹെക്ടർ ബോർഡിന് കൈമാറിയിട്ടുണ്ട്.10,000 പേർക്ക് വിരിവയ്ക്കാനുള്ള താത്കാലിക സൗകര്യം ഇപ്പോൾ അവിടെയുണ്ട്.10,000 ടോയ്ലെറ്റുകളും 65 ലക്ഷം ലിറ്റർ വെള്ളം എത്തിക്കാനും സൗകര്യമുണ്ട്.20,000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. ഹൈപവർ കമ്മിറ്റിയുടെ അനുമതിയോടെയാവും പദ്ധതികൾ തയാറാക്കുക.

തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും ഗണ്യമായ കുറവുണ്ടായത് സത്യമാണ്. എന്നാൽ വരും ദിവസങ്ങളിൽ പഴയ നിലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. 2000 ത്തോളം പേർക്ക് സന്നിധാന പരിസരത്ത് വിരിവയ്ക്കാൻ ഇപ്പോഴും സൗകര്യമുണ്ട്.അന്നദാനവും പതിവുപോലെ നടക്കുന്നു. ഇവിടെ എത്തി ദർശനം നടത്തി മടങ്ങിപ്പോകുന്ന ഒരു ഭക്തനും ഇപ്പോഴത്തെ പ്രചാരണങ്ങൾ ശരിയാണെന്ന് പറയില്ല.സന്നിധാനത്ത് 144 നിലനിറുത്തിയിട്ടുള്ളതിനെക്കുറിച്ച് ബോർഡ് അഭിപ്രായം പറയുന്നത് ശരിയല്ല. ജില്ലാ ഭരണകൂടത്തിന്റെ വിവേചനമാണത്.സാധാരണ 144 ഏർപ്പെടുത്തുമ്പോഴുണ്ടാകുന്ന ഒരു ബുദ്ധിമുട്ടും സന്നിധാനത്തില്ല.

ഇവിടെ ഡ്യൂട്ടിചെയ്യുന്ന പൊലീസുകാർക്ക് പ്രസാദം നൽകാൻ ഐ.ജി.ആവശ്യപ്പെടേണ്ട കാര്യമില്ല. മുൻ മണ്ഡലമകരവിളക്ക് കാലങ്ങളിലെല്ലാം പ്രസാദപായ്ക്കറ്റ് ഗിഫ്റ്റായി നൽകുന്ന പതിവുണ്ട്.പൊലീസിൽ നിന്ന് ഡ്യൂട്ടി ചെയ്തവരുടെ ലിസ്റ്ര് തരും. അതനുസരിച്ച് പ്രസാദം നൽകും.ഇതാണ് പതിവ്.ഇത്തവണ കുറച്ച് കൂടുതൽ പൊലീസുകാർ ഡ്യൂട്ടിക്കുണ്ട്.ഇതു കൊണ്ട് ബോർ‌ഡിന് വലിയ നഷ്ടമൊന്നും സംഭവിക്കാനില്ല.

പൊലീസിന്റെ സേവനത്തിന് മറ്ര് യാതൊരു ചെലവും ബോർഡ് വഹിക്കുന്നില്ല. അവരുടെ സ്വന്തം മെസിലാണ് ഭക്ഷണം.പൊലീസിന്റെ ചെലവുകൾ വഹിക്കുന്നത് ആഭ്യന്തര വകുപ്പാണ്. പൊലീസിന് പ്രസാദം കൊടുക്കുന്ന കാര്യത്തിൽ ലോക്കൽ ഫണ്ട് ആഡിറ്റ് വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചതായ പ്രചാരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, 'തനിക്ക് അതിനെക്കുറിച്ച് അറിയില്ലെന്നും കോഴിയുടെ കാര്യം കുറുക്കനോട് ചോദിക്കും പോലെയല്ലേ ഇതെന്നു' മായിരുന്നു നർമത്തിലുള്ള അദ്ദേഹത്തിന്റെ മറുപടി.