നിയമസഭയിലരങ്ങേറുന്ന ബഹളത്തെ വിമർശിച്ച് ഗവർണർ പോലും രംഗത്തെത്തി. സഭയിൽ നടപടി ചോദിച്ച് വാങ്ങാൻ ശ്രമിക്കുന്നവരുണ്ടെന്നാണ് സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ പക്ഷം. അവസാനം വരെയും ക്ഷമിക്കുമെന്നും അതിര് വിട്ടാൽ എന്ത് വേണമെന്ന് ആലോചിക്കുമെന്നും സഭയിലെ സംഭവവികാസങ്ങളെപ്പറ്റി കേരളകൗമുദിയോട് സംസാരിക്കവെ, സ്പീക്കർ വ്യക്തമാക്കി.
ചോദ്യം: സഭ തുടർച്ചയായി അലങ്കോലമായി സ്തംഭിക്കുന്നു. സംഭവവികാസങ്ങളിൽ അസ്വസ്ഥനാണോ?
- ശബരിമല പ്രശ്നവും യുവതീപ്രവേശന വിഷയവും പ്രധാനമായ സാമൂഹ്യപ്രശ്നമെന്ന നിലയിൽ സഭയിൽ ചർച്ച ചെയ്യേണ്ടതാണെന്നതിൽ സംശയമില്ല. കഴിഞ്ഞ ദിവസം ഭരണപക്ഷത്ത് നിന്ന് സി.പി.എം പാർലമെന്ററി പാർട്ടി സെക്രട്ടറി എസ്. ശർമ്മ ഉന്നയിച്ച തടസ്സവാദങ്ങൾ അംഗീകരിക്കാതിരുന്നത് അതുകൊണ്ടാണ്. ശർമ്മ ഉന്നയിച്ച കുറേ കാര്യങ്ങൾ സാങ്കേതികമായും നിയമപരമായും ശരിയായിരുന്നെങ്കിലും സഭ സാങ്കേതികാർത്ഥത്തിൽ പ്രവർത്തിക്കേണ്ട സംവിധാനമല്ലെന്ന നിലപാടാണെടുത്തത്. വികാരങ്ങളുടെ പ്രതിഫലനത്തിനുള്ള അവസരമുണ്ടാവണമെന്ന ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണപക്ഷത്തിന്റെ എതിർപ്പ് പോലും വകവയ്ക്കാതെ അതനുവദിച്ചത്. സത്യത്തിലത് കോടതി അവസാനിപ്പിച്ച കാര്യമായിരുന്നു. എന്നിട്ടും വിശദമായ ചർച്ച സഭയിലുണ്ടായി. സമയനിഷ്ഠയെക്കുറിച്ച് കാർക്കശ്യം കാണിക്കാതെ പ്രതിപക്ഷനേതാവിനും പ്രമേയാവതാരകനുമെല്ലാം ആവശ്യപ്പെട്ട സമയം കൊടുത്തു. പരസ്പരസംവാദത്തിനുള്ള അവസരവുമുണ്ടായി. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാം കഴിഞ്ഞദിവസം ചർച്ച ചെയ്തു. ഒന്നേമുക്കാൽ വരെ സഭ നീണ്ടു. അതുതന്നെ വീണ്ടും (ഇന്നലെ) ഉന്നയിക്കണമെന്ന് പറയുന്നത് പ്രശ്നം ഉന്നയിക്കണമെന്ന താല്പര്യത്തിൽ കവിഞ്ഞ എന്തോ ഒന്നാണ്. അത് ന്യായമായി തോന്നുന്നില്ല. ഒരേ കാര്യം തന്നെ ചർച്ച ചെയ്താൽ പോരാ. ചോദ്യോത്തരവേള വിവിധങ്ങളായ പ്രശ്നങ്ങൾ സഭയിൽ കൊണ്ടുവരാൻ അംഗങ്ങൾക്ക് കിട്ടുന്ന അവസരമാണ്. അത് റദ്ദ് ചെയ്ത് ചർവ്വിതചർവ്വണം നടത്തണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. ഇന്നലെ ചോദ്യോത്തരവേളയിൽ സഭയിലുന്നയിക്കപ്പെട്ടത് ശബരിമലയുമായി ബന്ധപ്പെട്ട ചോദ്യമാണ്. അതിനാണ് മന്ത്രി മറുപടി പറഞ്ഞത്. ആ ചോദ്യത്തിന് ഉപചോദ്യങ്ങൾ ചോദിക്കാമായിരുന്നു. അത് ഞാനവിടെ പറഞ്ഞു. അത് കേട്ടില്ല. ഒറ്റ പ്രശ്നത്തിൽ, ഒരു കുറ്റിയിൽ കെട്ടി സഭയെ കൊണ്ടുപോകാനാവില്ല. ശബരിമലവിഷയമല്ലാതെ പ്രളയമുണ്ട്, വികസനപദ്ധതികളുണ്ട്, മിഷനുകളുണ്ട്, പ്രതിപക്ഷത്തിന് താല്പര്യമുള്ള വേറെയും വിഷയങ്ങളുണ്ടാവും. കേരളീയസമൂഹം ചർച്ച ചെയ്യേണ്ട വേറെയും വിഷയങ്ങളുണ്ടെന്നാണ് എന്റെ അഭിപ്രായം.
ഗവർണ്ണർ ഇന്നലെ പരസ്യവിമർശനം നടത്തി. കഴിഞ്ഞ സഭയിൽ ബഡ്ജറ്റവതരണവേളയിലുണ്ടായ സംഭവങ്ങൾ പ്രതിപക്ഷവും വിളിച്ചുപറയുന്നു. സഭയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്ന സമീപനങ്ങളായി പൊതുമദ്ധ്യത്തിൽ ഇതെല്ലാം ചിത്രീകരിക്കപ്പെടുന്നില്ലേ?
- ഒരു ദിവസത്തെ പ്രതികരണങ്ങളൊക്കെ നമുക്ക് മനസ്സിലാക്കാം. ഏത് വിമർശനമുന്നയിക്കുമ്പോഴും ഏത് നിയന്ത്രണം പാലിക്കാൻ ശ്രമിക്കുമ്പോഴും മൂന്നോ നാലോ പേർ വിളിച്ചുപറയുന്നത് പണ്ടങ്ങനെയുണ്ടായില്ലേ എന്നാണ്. പണ്ടങ്ങനെയൊന്നുമുണ്ടായിട്ടില്ല. ഒറ്റ പ്രശ്നത്തിൽ ശക്തമായ എതിർപ്പുയർന്ന സാഹചര്യത്തിൽ പ്രതികരണമുണ്ടായി. ഒരു വീണ്ടുവിചാരം വന്നത് കൊണ്ടായിരിക്കണം, പിന്നീട് അത്തരമൊരു സമീപനം ആരും സ്വീകരിച്ചിട്ടില്ല. ഒരിക്കൽ സംഭവിച്ചതിനെ ഉപയോഗപ്പെടുത്തി തുടർച്ചയായി കുഴപ്പത്തെ ന്യായീകരിക്കാൻ മുതിരുന്നത് ദൗർബല്യമാണ്. അത് തെറ്റാണെന്ന് തോന്നുന്നെങ്കിൽ ആ തെറ്റ് ആവർത്തിക്കുകയല്ല,ചെയ്യാതിരിക്കുകയാണ് വേണ്ടത്. സഭയിലെ സാദ്ധ്യതകളെ ഉപയോഗപ്പെടുത്തണം. സഭയുടെ അന്തസ്സുയർത്തിപ്പിടിക്കണമെന്നും നടപടിക്രമങ്ങളിൽ മര്യാദ പാലിക്കണമെന്നും കഴിഞ്ഞദിവസത്തെ സ്ഥിതി കണ്ടിട്ട് ഗവർണ്ണർ പറയുകയുണ്ടായി. ഗവർണ്ണർക്ക് പോലും ഇത് തോന്നിയിരിക്കുന്നു.
സ്പീക്കറുടെ നിഷ്പക്ഷതയെയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്?
പ്രതിപക്ഷം ഒന്നിച്ച് ചോദ്യം ചെയ്യുന്നില്ല. പ്രതിപക്ഷത്തെ ചില അംഗങ്ങളുടെ അപക്വമായ തോന്നലുകൾ കൊണ്ടോ, എങ്ങനെയാണ് സഭയിൽ പെരുമാറേണ്ടത് എന്നതിലെ തെറ്റിദ്ധാരണകൾ കൊണ്ടോ ആണ് ചില സന്ദർഭങ്ങളിൽ ചില കമന്റുകളുയരുന്നത്. ഒരു സന്ദർഭത്തിലും നിഷ്പക്ഷമായല്ലാതെ സ്പീക്കർ നിലപാട് സ്വീകരിച്ചിട്ടില്ല. പ്രതിപക്ഷത്തിന് വേണ്ടിയും പ്രതിപക്ഷത്തിന്റെ അവകാശങ്ങൾക്ക് വേണ്ടിയും തന്നെയാണ് നിന്നിട്ടുള്ളത്. അതിന്റെ പേരിൽ പ്രതിപക്ഷ അംഗമായി പെരുമാറാൻ സ്പീക്കർക്ക് സാദ്ധ്യമല്ല. കഴിഞ്ഞദിവസം അടിയന്തരപ്രമേയം വേണമെന്ന് പറഞ്ഞു. ഭരണകക്ഷി അംഗങ്ങളുടെ എതിർനിലപാടിനെ മറികടന്ന് അതനുവദിച്ചു. സമയം യഥേഷ്ടം വേണമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. അത് കൊടുത്തു. വാക്കൗട്ട് സ്പീച്ച് യഥാർത്ഥത്തിൽ പ്രതിഷേധം പ്രകടിപ്പിക്കൽ മാത്രമാണ്. പ്രതിഷേധം സൂചിപ്പിച്ച് ഇറങ്ങിപ്പോകലാണത്. പ്രമേയാവതാരകൻ പോയിന്റുകളൊക്കെ പറഞ്ഞു കഴിഞ്ഞ സ്ഥിതിക്ക് അതിന്മേൽ ദീർഘമായ ഡിബേറ്റിന് സാദ്ധ്യതയില്ല. പ്രതിപക്ഷനേതാവ് പറഞ്ഞു, എനിക്ക് മുഖ്യമന്ത്രി സംസാരിച്ചത് പോലെ കുറേ സംസാരിക്കണമെന്ന്. ഏതാണ്ട് ഒരു മണിക്കൂർ നേരം അദ്ദേഹം സംസാരിച്ചു. അതൊക്കെ ഈ സ്പീക്കർ തന്നെയാണ് അനുവദിച്ചത്. എന്നിട്ടിന്നലെ രാവിലെ ചോദ്യോത്തരവേള സസ്പെൻഡ് ചെയ്യണമെന്ന് പറഞ്ഞാൽ അത് പ്രായോഗികമല്ല. പ്രതിപക്ഷനേതാവിനോ കക്ഷിനേതാക്കൾക്കോ ആ അഭിപ്രായമുണ്ടാവുമെന്ന് എനിക്കറിയില്ല. സഭയിൽ പ്രതിഷേധിക്കേണ്ടത് സ്പീക്കറോടാണെന്ന് തെറ്റിദ്ധാരണയുള്ള ആർക്കെങ്കിലും എന്തെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ അത് അവരുടെ തെറ്റിദ്ധാരണയാണ്. അത് തിരുത്തുക.
കെ.എം. ഷാജിയുമായി ബന്ധപ്പെട്ട വിവാദമുണ്ടായി. തുടർച്ചയായി ഇങ്ങനെ വിവാദങ്ങളുണ്ടാകുന്നത് സ്പീക്കർക്ക് മേൽ
ഏതെങ്കിലും വിധത്തിലുള്ള സമ്മർദ്ദം രാഷ്ട്രീയമായോ മറ്റോ ഉണ്ടാക്കുന്നുണ്ടോ?
- സ്പീക്കറെ പ്രകോപിപ്പിച്ചാൽ, ക്ഷുഭിതനാക്കിയാൽ എന്തെങ്കിലും തെറ്റായ രീതി വീണുകിട്ടുമെന്ന് പ്രതീക്ഷിച്ചാൽ അത് നടക്കില്ല. ഷാജിയുടെ കാര്യത്തിൽ അസാധാരണമോ അസ്വാഭാവികമോ ആയ നടപടിയുമുണ്ടായിട്ടില്ല. ജനപ്രാതിനിധ്യ നിയമത്തിലെ 107ാം വകുപ്പ് പറയുന്നത് ഹൈക്കോടതിയുടെ വിധി വന്നാൽ എത്രയും പെട്ടെന്ന് അത് നടപ്പാക്കാനുള്ള ഉത്തരവാദിത്വമുണ്ട് എന്നാണ്. ഹൈക്കോടതി 15 ദിവസം വിധി സ്റ്റേ ചെയ്തു. അതിന് ശേഷം സ്റ്റേയില്ലാതായി. അപ്പോൾ ബുള്ളറ്റിനിറക്കുക എന്നാൽ അറിയിപ്പ് നൽകലാണ്. നിയമപരമായ ബാദ്ധ്യതയാണത്. ഇത് ആദ്യമായല്ല. തമ്പാനൂർ രവിയെ അയോഗ്യനാക്കിയുള്ള വിധി സ്റ്റേ ചെയ്തതിന്റെ കാലാവധി തീർന്നത് 1997 നവംബർ 10നാണ്. 11ന് തന്നെ ബുള്ളറ്റിനിറക്കി. പിന്നെ ഒരു മാസം കഴിഞ്ഞാണ് അദ്ദേഹത്തിന് സ്റ്റേ തിരിച്ചുകിട്ടിയത്. വീണ്ടും അത് കാണിച്ച് ബുള്ളറ്റിനിറക്കി. ബുള്ളറ്റിനിറക്കുന്നത് സർക്കാർ ഉത്തരവിറക്കൽ പോലെയുള്ള ദീർഘമായ പ്രക്രിയയോ എടുത്തുചാട്ടമോ അല്ല. എല്ലാ ദിവസത്തെയും നടപടിക്രമങ്ങൾ അച്ചടിച്ച് രാത്രി കവറിൽ കൊണ്ടുകൊടുക്കുന്നുണ്ട് അംഗങ്ങൾക്ക്. അതിന് പ്രത്യേക പ്രസ്സുണ്ടിവിടെ. അതിന് ബുദ്ധിമുട്ടൊന്നുമില്ല. അതൊക്കെ അപ്പപ്പോൾ അംഗങ്ങളെ അറിയിക്കുക എന്ന നടപടിക്രമം മാത്രമാണ്. അതൊക്കെ മനസ്സിലാക്കാത്തത് കൊണ്ടാണോ എന്നറിയില്ല കഴിഞ്ഞദിവസം കുറച്ച് അംഗങ്ങൾ വിളിച്ചുപറയുന്നത് കേട്ടു. നിയമത്തെക്കുറിച്ചുള്ള അജ്ഞത കൊണ്ടാണ് എങ്കിൽ അത് തിരുത്തുക. തമ്പാനൂർ രവിക്ക് കിട്ടിയ നീതി കെ.എം. ഷാജിക്കും കിട്ടിയിട്ടുണ്ട്. അദ്ദേഹത്ത കയറ്റില്ല എന്ന് ഞാനെവിടെയും പറഞ്ഞിട്ടില്ല.
ഇതേ രീതിയിൽ പ്രകോപനനടപടികൾ തുടരുകയാണെങ്കിൽ എന്താവും സ്പീക്കർ ഇനി തുടർനടപടിയെടുക്കുക?
- സ്പീക്കറെ വ്യക്തിപരമായി പ്രകോപിപ്പിക്കുന്നതിലൊന്നും ഒരിക്കലും വീഴില്ല. ഞാനിതിനെയൊന്നും വ്യക്തിപരമായി കാണുന്നില്ല. ഇവരോടെല്ലാവരോടും എനിക്ക് വ്യക്തിപരമായി നല്ല സൗഹൃദമുണ്ട്. അതുകൊണ്ട് ഒരു കഴഞ്ച് പ്രകോപനമോ, ദേഷ്യമോ എനിക്ക് വരില്ല. പക്ഷേ സഭയുടെ നടത്തിപ്പ് സമ്മതിക്കാതെ, ചോദ്യോത്തരവേള മുതലേ തടസ്സപ്പെടുത്തുന്ന നില തുടരുകയാണെങ്കിൽ ഗവണ്മെന്റിന്റെ ബിസിനസ്സ് നടത്തിക്കൊടുക്കാനുള്ള ബാദ്ധ്യത സ്പീക്കർക്കുണ്ട്. അപ്പോൾ എല്ലാവരുടെയും അവസരങ്ങൾ നഷ്ടപ്പെടും, പ്രതിപക്ഷത്തിന്റേത് പ്രത്യേകിച്ചും. സ്വന്തം അവസരങ്ങൾ നഷ്ടപ്പെടുത്താതെ നടപടികളുമായി സഹകരിക്കാൻ അവർ തയ്യാറാകണം.
സഭയുടെ അന്തസ്സിനെ മുറിവേല്പിക്കുന്ന തരത്തിൽ പെരുമാറുന്ന അംഗങ്ങൾക്കെതിരെ എന്തെങ്കിലും നടപടി?
- നടപടിയിലേക്ക് പോകാനുള്ള എല്ലാ സാദ്ധ്യതകളും ഉണ്ടെങ്കിലും അവസാനനിമിഷം വരെയും ക്ഷമിക്കും. നടപടി കിട്ടണമെന്ന് ആഗ്രഹിക്കുന്നവരുണ്ടെന്ന് എനിക്ക് തോന്നുന്നുണ്ട്. നടപടി ചോദിച്ച് വാങ്ങാൻ പരിശ്രമിക്കുന്നവരുടെ മേൽ പെട്ടെന്ന് പ്രതികരണമുണ്ടാവില്ല. പക്ഷേ, അതിര് വിട്ടാൽ എന്ത് എന്നുള്ളത് അപ്പോൾ ആലോചിക്കും.