തിരുവനന്തപുരം : പ്രളയാനന്തര പുനർനിർമ്മാണത്തിനായി നടത്തിയ സാലറി ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ഇതുവരെ ലഭിച്ചത് 481.28 കോടി രൂപ മാത്രം. നിയമസഭയിൽ എം. ഉമ്മറിന്റെ ചോദ്യത്തിനുള്ള മറുപടിയായി മുഖ്യമന്ത്രിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ജി.എസ്.ടി സംസ്ഥാനത്തിന് നേട്ടമുണ്ടാക്കിത്തുടങ്ങിയെന്നാണ് പുതിയ കണക്കെന്ന് മന്ത്രി ടി.എം. തോമസ് ഐസക് കെ.വി. വിജയദാസ്, മുല്ലക്കര രത്നാകരൻ എന്നിവർക്ക് മറുപടി നൽകി. നഷ്ടപരിഹാരവും നികുതിയും അഡ്ഹോക്ക് സെറ്റിൽമെന്റുമുൾപ്പെടെ ഒക്ടോബർ 31 വരെ 14140.63 കോടിയുടെ വരവുണ്ടായി. മുൻ വർഷത്തെക്കാൾ 2361 കോടി അധികമാണിത്.
കാരുണ്യ പദ്ധതിയിലൂടെ വൃക്കരോഗികൾക്ക് നൽകുന്ന സഹായം രണ്ടിൽ നിന്ന് മൂന്ന് ലക്ഷമായി ഉയർത്തിയെന്ന് ആബിദ് ഹുസൈൻ തങ്ങൾ, പി. ഉബൈദുള്ള, സി. മമ്മൂട്ടി എന്നിവരെ മന്ത്രി ഐസക് അറിയിച്ചു. അടിസ്ഥാന സൗകര്യവികസനത്തിനുള്ള കിഫ്ബിയിൽ 5258.38 കോടിയുടെ വരവുണ്ടായി. എന്നാൽ ഇതുവരെ 39707.73 കോടിയുടെ പദ്ധതികൾക്ക് അനുമതി നൽകി.
ഈ സർക്കാർ വന്നശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ഈ മാസം 21 വരെ ചികിത്സാ സഹായമായി 506.47 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കെ. കുഞ്ഞിരാമനെ അറിയിച്ചു. നീലക്കുറിഞ്ഞി പൂത്തത് കാണാൻ 1.45 ലക്ഷം പേർ മാത്രമാണെത്തിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അൻവർ സാദത്തിന്റെ ചോദ്യത്തിന് മറുപടി നൽകി. എട്ടുലക്ഷം പേരെങ്കിലും എത്തുമെന്നായിരുന്നു പ്രതീക്ഷ. ഇൗ വർഷം വിവിധയിടങ്ങളിൽ നിന്ന് 268 സ്ത്രീകളുൾപ്പെടെ 1045 വൃദ്ധരെ കാണാതായെന്ന് റിപ്പോർട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കൊച്ചി തുറമുഖത്ത് ഇറക്കുമതി ചെയ്‌ത ഒരുലക്ഷം ടൺ കൃത്രിമ മണൽ വാങ്ങാൻ ആളില്ലെന്ന് മന്ത്രി ഇ.പി. ജയരാജൻ എൻ.എ. നെല്ലിക്കുന്നിനെ അറിയിച്ചു. വീണ്ടും ഇറക്കുമതി ചെയ്യാൻ ലൈസൻസ് ആർക്കും നൽകിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.