തിരുവനന്തപുരം: പൊലീസ് കംപ്ളെയിന്റ് അതോറിട്ടിയുടെ സംസ്ഥാന, ജില്ലാ അദ്ധ്യക്ഷൻമാർക്ക് സ്വതന്ത്രാധികാരം നൽകാൻ തീരുമാനം. ഇതിന്റെ ഭാഗമായി 2011ലെ സംസ്ഥാന പൊലീസ് നിയമത്തിൽ ഭേദഗതി വരുത്താനുള്ള നിയമനിർമ്മാണത്തിന് നിയമസഭയിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിയമസഭയിലവതരിപ്പിച്ച ബിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് ചർച്ച ചെയ്യാതെ ആഭ്യന്തരകാര്യങ്ങളെ സംബന്ധിച്ച സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. അഡിഷണൽ ചീഫ് സെക്രട്ടറിയും എ.ഡി.ജി.പിയുമാണ് അതോറിട്ടിയിലെ രണ്ട് അംഗങ്ങൾ. ഇവർ എത്താത്തതിനെതുടർന്ന് അതോറിട്ടിയെടുക്കുന്ന തീരുമാനങ്ങൾ ക്വാറം ഇല്ലാതെയുള്ളതാണെന്നും നിയമസാധുതയില്ലെന്നും ഹൈക്കോടതി വിധിച്ചിരുന്നു. തുടർന്നാണ് നിയമത്തിലെ 112-ാം വകുപ്പ് ഭേദഗതി ചെയ്ത് സംസ്ഥാന ചെയർപേഴ്സണോ ജില്ലാ അദ്ധ്യക്ഷനോ തീരുമാനമെടുക്കാനുള്ള സ്വതന്ത്രാധികാരം നൽകിയത്. നിയമം വരുന്നതോടെ അംഗങ്ങൾ വന്നില്ലെങ്കിലും ചെയർമാൻ തനിച്ചെടുക്കുന്ന തീരുമാനങ്ങൾക്കും നിയമാധികാരവും പ്രാബല്യവും ലഭിക്കും.
കോഴിക്കോട് സർവകലാശാലയിൽ സെനറ്റിന്റെയും സിൻഡിക്കേറ്റിന്റെയും കാലാവധി കഴിഞ്ഞാൽ പുതിയ സംവിധാനമാകുന്നത് വരെ താത്കാലിക സെനറ്റും സിൻഡിക്കേറ്റും രൂപീകരിക്കാൻ സർക്കാരിന് അധികാരം നൽകുന്നതിന് 1975ലെ സർവകലാശാല നിയമത്തിലെ 18, 22 വകുപ്പുകളിൽ ഭേദഗതി വരുത്തി. മന്ത്രി കെ.ടി. ജലീൽ നിയമസഭയിൽ അവതരിപ്പിച്ച ബില്ലും ചർച്ച ചെയ്യാതെ വിദ്യാഭ്യാസം സംബന്ധിച്ച ആറാം സബ്‌ജക്ട് കമ്മിറ്റിക്ക് വിട്ടു.