dd

നെയ്യാറ്റിൻകര: ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നെയ്യാറിന്റെ തീരമായ ഈരാറ്റിൻപുറത്തെ ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന പ്രഖ്യാപനത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും പദ്ധതി ഇന്നേവരെ വെളിച്ചം കണ്ടില്ല. അരുവിപ്പുറം- മാമ്പഴക്കര- പെരുങ്കടവിള പ്രദേശം ഉൾപ്പെടുന്ന ഒരു വൻ ടൂറിസ്റ്റ് വില്ലേജ് പണിയാനാണ് ടൂറിസം വകുപ്പും പുരാവസ്തു ഗവേഷണ വകുപ്പും ചേർന്ന് പദ്ധതിയിട്ടത്. അരുവിപ്പുറവും പാണ്ഡവൻപാറയും മാമ്പഴക്കര വിഷ്ണുപുരവുമൊക്കെ ചേർന്ന് ചരിത്ര - ടൂറിസം വില്ലേജ് നിർമ്മാണത്തിനായി കാൽ നൂറ്റാണ്ട് മുൻപ് പുരാവസ്തു വകുപ്പ് സമർപ്പിക്കപ്പെട്ട പ്രോജക്ടിൽ തുടർ നടപടികളൊന്നും നടന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. പ്രോജക്ടിന്റെ ഭാഗമായി നെയ്യാറ്റിൻകര നഗരസഭ ഈരാറ്റിൻപുറത്ത് ടൂറിസം കേന്ദ്രവും ബോട്ട് സർവീസും റോപ്പ് വേയും നിർമ്മിക്കാനായി പദ്ധതിയിട്ടിരുന്നു. തുടർന്ന് സ്വകാര്യ വ്യക്തി പാട്ടത്തിന് വാങ്ങിയിരുന്ന നഗരസഭാ ഭൂമി വീണ്ടെടുത്ത് ടൂറിസം പ്രൊമോഷൻ കൗൺസിലുമായി ബന്ധപ്പെട്ട് പുതിയ പ്രോജക്ടിന് രൂപം നൽകി. ഈ പദ്ധതിയും ചുവപ്പുനാടയിൽ കുരുങ്ങിക്കിടപ്പാണ്.

 ഈരാറ്റിൻപുറമെന്ന സ്വപ്നതീരം

പഞ്ചപാണ്ഡവന്മാർ ഒളിവിൽ കഴിഞ്ഞിരുന്ന കാലത്ത് ഭീമൻ ഈരാറ്റിൻപുറത്തെ കൂറ്റൻപാറയിൽ അടുപ്പുകൂട്ടി പാചകം ചെയ്തതായി പഴമക്കാർ പറയുന്നു. അതിനാൽ ഇതിന് അടുപ്പുകൂട്ടിപ്പാറയെന്നും പേരുണ്ട്. അതിന്റെ ഒാർമ്മയ്ക്കായി ഇവിടെ വർഷം തോറും പൂജയും വഴിപാടുകളും ഭക്തർ നടത്തുന്നുണ്ട്. നെയ്യാർ കൂറ്റൻപാറയിൽ വന്നിടിച്ച് ചിതറി, രണ്ടായി പിരിഞ്ഞൊഴുകുന്ന നെയ്യാറിന്റെ മനോഹരതീരമാണ് ഈരാറ്റിൻപുറം.

എന്നാൽ, ഇവിടെയാകട്ടെ നല്ലൊരു റോഡു പോലുമില്ല. ഈരാറ്റിൻപുറത്തിന് സമീപത്തായുള്ള തെള്ളുക്കുഴി- പശുവണ്ണറ- നെട്ടണി- കീഴാറൂർ റിംഗ് റോഡിന് സി.കെ.ഹരീന്ദ്രൻ എം.എൽ.എയുടെ റോഡ് വികസന ഫണ്ടിൽ നിന്നു തുക അനുവദിച്ചിട്ടുണ്ട്. ഈ റോഡിന്റെ പണി പൂർത്തിയായാൽ ഈരാറ്റിൻപുറത്തിന് പുതു ജീവൻ ഉണ്ടാകുമെന്ന് നാട്ടുകാർ കരുതുന്നു.