sabarimala

 പ്രതിപക്ഷവും സ്പീക്കറുമായി വാഗ്വാദം

തിരുവനന്തപുരം: ശബരിമല വിഷയം സംബന്ധിച്ച സർക്കാർ നിലപാടിനെതിരായ പ്രതിപക്ഷത്തിന്റെ പ്രതിഷേധം നിയമസഭയിൽ ആഞ്ഞടിച്ചതോടെ രണ്ടാംദിവസവും സഭ നേരത്തേ പിരിഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയം സഭ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാവിലെ ചോദ്യോത്തരവേളയിൽ തന്നെ പ്രതിപക്ഷം ബഹളവുമായെത്തി. ചൊവ്വാഴ്ചയും ഇതേവിഷയം സഭയിൽ ഉന്നയിക്കപ്പെട്ടതിനാൽ വീണ്ടും അത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രിയും പിന്നീട് സ്പീക്കറും വ്യക്തമാക്കി. ഇതോടെ യു.ഡി.എഫ് അംഗങ്ങൾ സ്പീക്കറുടെ ഡയസിനടുത്തേക്ക് നീങ്ങി. ഇതിനിടയിൽ ചോദ്യോത്തരവേള തുടങ്ങിയെങ്കിലും ആദ്യ രണ്ടു ചോദ്യങ്ങളും ഉന്നയിക്കാനിരുന്ന പ്രതിപക്ഷത്തെ പി.ജെ. ജോസഫും മഞ്ഞളാംകുഴി അലിയും അതിൽനിന്ന് പിന്മാറി. സി.പി.ഐ അംഗം മുല്ലക്കര രത്നാകരന്റെ ശബരിമലയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ മറുപടി പറയാൻ തുടങ്ങിയെങ്കിലും പ്രതിപക്ഷം ബഹളമുണ്ടാക്കി തടസപ്പെടുത്തി. സ്പീക്കറുടെ മൈക്കിനടുത്ത് ചെന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളി നടത്തിയതോടെ സ്പീക്കറുമായി വാക്പോരും തുടങ്ങി. സഭയിൽ അസാധാരണ ബഹളമുണ്ടാക്കുന്നത് നോക്കിയിരിക്കില്ലെന്നും എന്താണ് ചെയ്യേണ്ടതെന്ന് അറിയാമെന്നുമെല്ലാം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മുന്നറിയിപ്പ് നൽകി. സഭയിലെ ബഹളത്തെ ഗവർണർ കുറ്റപ്പെടുത്തിയതും സ്പീക്കർ ചൂണ്ടിക്കാട്ടി .എന്നാൽ, സ്പീക്കർ മുഖ്യമന്ത്രിയെ പേടിച്ച് സംസാരിക്കരുതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ മറുപടി. സഭയിൽ തങ്ങൾ മുണ്ട് മടക്കിക്കുത്തിയിട്ടില്ലെന്നും കസേര എടുത്തെറിഞ്ഞിട്ടില്ലെന്നും പറഞ്ഞ് അവർ സ്പീക്കറെ നേരിട്ടു. ഇതോടെ, ഉത്തരങ്ങളെല്ലാം മേശപ്പുറത്ത് വയ്ക്കാൻ മന്ത്രിമാരോട് നിർദ്ദേശിച്ച സ്പീക്കർ ഒരുമണിക്കൂർ നേരത്തെ ചോദ്യോത്തരവേള 15 മിനിട്ടിൽ അവസാനിപ്പിച്ച് മറ്റ് നടപടികളിലേക്ക് കടന്നു. ശൂന്യവേളയും ശ്രദ്ധക്ഷണിക്കലും ഒഴിവാക്കി. പ്രളയത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയും മേശപ്പുറത്ത് വച്ചു. പൊലീസ് ഭേദഗതിബില്ലും കോഴിക്കോട് സർവകലാശാലാബില്ലും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.ടി. ജലീലും സഭയിൽ ഒറ്റവാചകത്തിൽ അവതരിപ്പിച്ച് ചർച്ചയൊന്നും കൂടാതെ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. 21 മിനിട്ട് നേരം മാത്രം കൂടിയ സഭ ഇന്നലത്തേക്ക് പിരിയുകയായിരുന്നു.

ചൊവ്വാഴ്ച സന്നിധാനത്തെ നിരോധനാജ്ഞയായിരുന്നു പ്രശ്നമെങ്കിൽ, ഇന്നലെ ശബരിമലയിലെ അടിസ്ഥാന സൗകര്യമില്ലായ്മയായിരുന്നു പ്രതിപക്ഷം ഉയർത്തിയത്. ഇന്നലത്തെ പ്രമേയം ഇന്ന് വീണ്ടും അവതരിപ്പിക്കുമെന്ന് കോൺഗ്രസ് നിയമസഭ കക്ഷി സെക്രട്ടറി കെ.സി. ജോസഫ് പറഞ്ഞു. ഇതിനായി സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്.