ramesh-chennithala

തിരുവനന്തപുരം: അടിസ്ഥാന സൗകര്യമില്ലാതെയും അക്രമ ഭീതിയിലും കടുത്ത നിയന്ത്രണത്തിലും വീർപ്പുമുട്ടുന്ന ശബരിമലയുടെ അവസ്ഥ നേരിൽ കണ്ട് പരിഹാരം നിർദ്ദേശിക്കാൻ സംയുക്ത നിയമസഭാ കമ്മിറ്റിയെ നിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

പ്രളയം പമ്പയെ മാത്രമാണ് തകർത്തത്. സന്നിധാനത്തും നിലയ്ക്കലിലും സൗകര്യമൊരുക്കാൻ അത് തടസമായിരുന്നില്ല. നിലയ്ക്കലിലേക്ക് ബേസ് സ്റ്റേഷൻ മാറ്റും മുമ്പ് അവിടെ സൗകര്യമൊരുക്കണമായിരുന്നു. അതുണ്ടായില്ല. സന്നിധാനത്ത് ടോയ്ലറ്റ് സൗകര്യം പോലുമില്ല. സുപ്രീംകോടതി വിധിയുടെ പേരിൽ കടുത്ത പൊലീസ് നിയന്ത്രണവും സംഘർഷ ഭീതിയുമുണ്ടാക്കി ഭക്തരെ അകറ്റിനിറുത്തി. അടിസ്ഥാന സൗകര്യമില്ലായ്മയുടെ പരിമിതി മറച്ചുവയ്ക്കാനാണ് സർക്കാർ ശ്രമം. ഇത് ഭക്തരോടുള്ള വഞ്ചനയാണ്. ശബരിമലയെ തകർക്കാനുള്ള നീക്കം അനുവദിച്ചുകൊടുക്കാനാവില്ല.

ശബരിമലയിൽ അടിസ്ഥാന സൗകര്യമൊരുക്കണമെന്ന ആവശ്യമാണ് ഇന്നലെ സഭയിലുന്നയിക്കാൻ ശ്രമിച്ചത്. എന്നാൽ അവതരണാനുമതിക്ക് പോലും അവസരം നൽകില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ജനാധിപത്യ മര്യാദ മറന്നാണ് ഇതിനെ സ്പീക്കറും അനുകൂലിച്ചത്. ഒരേ വിഷയത്തിൽ ഒന്നിലേറെ പ്രമേയം പറ്റില്ലെന്ന ന്യായമാണ് സ്പീക്കർക്ക്. സോളാർ പ്രശ്നത്തിൽ ഏഴ് തവണയും ബാർകോഴ കേസിൽ എട്ട് തവണയും നിയമസഭയിൽ പ്രമേയങ്ങളെത്തിയിട്ടുണ്ട്. ഇന്നലത്തെ വിഷയം തന്നെ ഇന്നും അടിയന്തര പ്രമേയമായി കൊണ്ടുവരും. ഇക്കാര്യം സൂചിപ്പിച്ച് സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്.

ഓരോ വർഷവും ശബരിമല തീർത്ഥാടനം തുടങ്ങും മുമ്പ് യു.ഡി.എഫ് സർക്കാർ നടപ്പാക്കിയ വികസന പദ്ധതികളുടെ പട്ടികയും വാർത്താസമ്മേളനത്തിൽ വിതരണം ചെയ്തു. എം.കെ. മുനീർ, കെ.എം. മാണി, അനൂപ് ജേക്കബ്, കെ.സി. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരും പങ്കെടുത്തു.