കിളിമാനൂർ: കിളിമാനൂർ - പള്ളിക്കൽ റോഡിൽ പുതിയകാവ് മുതൽ തകരപ്പറമ്പ് വരെയുള്ള റോഡിന്റെ പുനരുദ്ധാരണ പണികൾ വീണ്ടും സ്തംഭിച്ചു. പൊതുമരാമത്ത് വകുപ്പ് 5.27 കോടി രൂപ ചെലവിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നിർമ്മിക്കുന്ന റോഡ് പണിയാണ് കരാറുകാരന്റെ അനാസ്ഥയും ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുകൊണ്ടും മുടങ്ങിയത്. കെ.എസ്.ആർ.ടി.സി ഉൾപ്പെടെ നിരവധി ബസ് സർവീസുകളും നൂറുകണക്കിന് വാഹനങ്ങളും കടന്നു പോകുന്ന റോഡാണിത്. പഞ്ചായത്തിന്റെ സഹകരണത്തോടെ റോഡിന് ഇരുവശവും ഉള്ള പുറമ്പോക്ക് കൈയേറ്റം ഒഴിപ്പിക്കുന്നതിന് മുൻപ് ശ്രമം നടത്തിയിരുന്നെങ്കിലും വൻ പ്രതിഷേധം ഉയർന്നതോടെ നിർത്തി വച്ചു. പുനർനിർമ്മാണത്തിന്റെ ഭാഗമായി റോഡ് കുത്തി പൊളിച്ച് മെറ്റൽ നിരത്തിയ ശേഷം കരാറുകാരൻ പണി നിർത്തി വച്ചതോടെ വേനൽക്കാലത്ത് രൂക്ഷമായ പൊടി ശല്യവും, മഴക്കാലത്ത് ചെളിക്കെട്ടും രൂപപ്പെട്ട് നാട്ടുകാരും സമീപത്തെ കച്ചവടക്കാരും പൊറുതിമുട്ടുകയാണ്. റോഡിന് ഇരുവശത്തുമായി നിരവധി സ്കൂളുകളും പാരലൽ കോളേജുകളും ഉണ്ട്. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ശ്വാസകോശ രോഗങ്ങൾ പിടിപെടാൻ തുടങ്ങിയതോടെ അടിയന്തരമായി പണിപൂർത്തിയാക്കണം എന്നാവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷൻ, രാഷ്ട്രീയ പാർട്ടികൾ, നാട്ടുകാർ എന്നിവർ രംഗത്തെത്തിയിരുന്നു. ഓരോ പ്രക്ഷോഭങ്ങൾ നടക്കുമ്പോഴും പണി പുനരാരംഭിക്കുകയും അടുത്ത ദിവസം നിറുത്തുകയും ചെയ്യുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇളകി കിടക്കുന്ന മെറ്റലുകളിൽ കയറി ഇരുചക്രവാഹനക്കാർ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത് പതിവാണ്. പരാതി ഉയർന്നപ്പോൾ പൊതുമരാമത്ത് മന്ത്രി എക്സിക്യൂട്ടിവ് എൻജിനീയറെ വിളിച്ച് വരുത്തി ഒരാഴ്‌ചക്കുള്ളിൽ പണി ആരംഭിച്ചില്ലെങ്കിൽ കരാറുകാരനെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് രണ്ട് മാസം മുമ്പ് പണി പുനരാരംഭിച്ചങ്കിലും മൂന്നാംദിവസം നിലച്ചു. റോഡിന്റെ പണിയും സ്കൂൾ ജംഗ്‌ഷൻ വരെയുള്ള ഫുട്പാത്തിന്റെ പണിയും ഉടൻ പൂർത്തിയാക്കണം, പണി പൂർത്തിയാകും വരെ ദിവസവും റോഡ് നനച്ച് പൊടി ശല്യം ഒഴിവാക്കണം, പുറമ്പോക്ക് ഭൂമി മുഴുവൻ എറ്റെടുക്കണം, ഓട നിർമ്മാണത്തിലെ അപാകത പരിഹരിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കിളിമാനൂർ പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് ഇന്ന് സി.പി.ഐ ബഹുജന മാർച്ചും പ്രതിഷേധ ധർണയും നടത്തും. രാവിലെ 9.30ന് മാവിൻമൂട് ജംഗ്ഷനിൽ നിന്ന് മാർച്ച് ആരംഭിക്കുമെന്നും അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ റോഡ് ഉപരോധം ഉൾപ്പെടെയുള്ള ' ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും സി.പി.ഐ ഭാരവാഹികൾ പറഞ്ഞു.